ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ എത്ര രൂപ നല്‍കണം? ജ്വല്ലറിയിലേക്ക് പോകുംമുമ്പ്... ഇന്നത്തെ സ്വര്‍ണവില
കൊച്ചി: സകല റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില മാനംമുട്ടാന്‍ കാത്തിരിക്കുകയാണ്. ഇത്രയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തുമെന്ന് 10 വര്‍ഷം മുമ്പ് ആരും കരുതിക്കാണില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വിലയിലും നില്‍ക്കില്ല എന്നാണ് വ്യക്തമാകുന്നത്. വിലയില്‍ നേരിയ കുറവ് വരുമ്പോള്‍ വന്‍തോതിലുള്ള നിക്ഷേപം എത്തുകയും വില കൂടുകയുമാണ് ചെയ്യുന്നത്.
ശനിയാഴ്ച ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. പവന് 600 രൂപയും. ഏറ്റവും പുതിയ വില നിലവാര പട്ടിക പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 55680 രൂപയും ഗ്രാമിന് 6960 രൂപയുമാണ്. 22 കാരറ്റ് സ്വര്‍ണം വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൗമാരക്കാര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതിനും ഇപ്പോള്‍ വില കൂടുകയാണ്.

ശനിയാഴ്ച 60 രൂപ ഉയര്‍ന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5775 രൂപയിലെത്തിയിട്ടുണ്ട്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2622 ഡോളറാണ് പുതിയ വില. കഴിഞ്ഞ നവംബറില്‍ ഔണ്‍സ് വില 1800 ഡോളറായിരുന്നു എന്നത് ഓര്‍ക്കണം. പിന്നീട് സംഭവിച്ചത് വന്‍ കുതിച്ചുചാട്ടമാണ്. 800 ഡോളറില്‍ അധികമാണ് വില വര്‍ധിച്ചത്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.
വില വന്‍തോതില്‍ കുതിക്കുന്ന വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ചതും പവന്‍ വില 4000 രൂപയോളം ഇടിഞ്ഞതും. ഉപഭോക്താക്കള്‍ വലിയ സന്തോഷത്തില്‍ നില്‍ക്കവെ, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹം പരക്കുകയും സ്വര്‍ണവില ഉയരാന്‍ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം പലിശ നിരക്ക് 5 ശതമാനത്തിലേക്ക് താഴ്ത്തി.
എന്നാല്‍ പ്രതീക്ഷിച്ച പോലെ അഭൂതപൂര്‍വമായ വര്‍ധനവ് വിലയിലുണ്ടായില്ല. എങ്കിലും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുകയും ചെയ്തു. അതിനിടെ, പശ്ചിമേഷ്യയില്‍ അശാന്തി പരന്നത് വിപണിയിലും നിക്ഷേപകരിലും ആശങ്ക ഇരട്ടിയാക്കി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ സ്വര്‍ണവിലയില്‍ കാണുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും വില കൂടും.
വില നിലവാര പട്ടികയില്‍ കാണുന്ന തുകയല്ല ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവിന് ചെലവ് വരിക. പണിക്കൂലിയും നികുതിയും കൂടി നല്‍കേണ്ടി വരും. സാധാരണ മിക്ക ജ്വല്ലറികളും ആഭരണങ്ങള്‍ക്ക് ഈടാക്കുന്നത് അഞ്ച് ശതമാനം പണിക്കൂലിയാണ്. ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ക്ക് 10 ശതമാനം പണിക്കൂലിയും വാങ്ങാറുണ്ട്. ഇതോടെ സ്വര്‍ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.
സ്വര്‍ണവിലയും അഞ്ച് ശതമാനം പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ആണ് ജിഎസ്ടി. ഈ തുകയും കൂടി ചേര്‍ത്താല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 60217 രൂപ ചെലവ് വരും. ഇനി ഡിസൈന്‍ കൂടിയ ആഭരണം വാങ്ങുകയാണെങ്കില്‍ 10 ശതമാനം പണിക്കൂലി ചേര്‍ത്താല്‍ വില 63085 രൂപയിലെത്തും. ചില ജ്വല്ലറികള്‍ പണിക്കൂലി ഈടാക്കുന്നില്ല എന്ന പരസ്യങ്ങള്‍ നല്‍കാറുണ്ട്. വിശദമായി ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങാവൂ. പണിക്കൂലി എത്ര, ജിഎസ്ടി എത്ര, വില്‍ക്കുമ്പോള്‍ എന്തു വില കിട്ടും എന്നീ കാര്യങ്ങളെല്ലാം ചോദിച്ചറിയണം.












Click it and Unblock the Notifications