സ്വര്‍ണം വീണ്ടും വീണു; ഇന്ന് നിരക്ക് കുറഞ്ഞതിന് കാരണം രണ്ട്, പവന്‍-ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. രാജ്യാന്തര വിപണിയില്‍ വലിയ തോതില്‍ വില ഇടിഞ്ഞതിന്റെ പ്രതിഫലനമാണ് കേരളത്തിലും. സ്വര്‍ണവില കുറയാന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. ഇതേ സാഹചര്യം വരുംദിവസങ്ങളിലും തുടരുമോ എന്ന് വ്യക്തമല്ല. വെള്ളിയാഴ്ച ചില സുപ്രധാന തീരുമാനങ്ങള്‍ വിപണി പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ഉയര്‍ച്ച വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപ ഇടിയാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില ഇനിയും താഴും. രാജ്യാന്തര വിപണിയില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സ്വര്‍ണക്കട്ടികള്‍ക്ക് 39 ശതമാനം താരിഫ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളിയതും വിപണിക്ക് ആശ്വാസമായി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9295 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപ കുറഞ്ഞിട്ടുണ്ട്. അതായത് പവന് 640 രൂപ താഴ്ന്ന് 74360 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1300 രൂപയില്‍ അധികമാണ് താഴ്ന്നിരിക്കുന്നത്. സ്വര്‍ണവിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് കണ്ട് തരിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനമാണ് എന്ന് പറയാം.
അതേസമയം, ആഭരണത്തിന് വേണ്ടി കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 7630 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5960 രൂപയിലെത്തി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3820 രൂപയുമായി. അതേസമയം, വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 123 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 3354 ഡോളറിലേക്ക് ഇടിഞ്ഞു.
സ്വര്‍ണവില കുറയാന്‍ രണ്ട് കാരണങ്ങള്‍
ആദ്യ കാരണം ഡോളര്‍ മൂല്യം വര്‍ധിച്ചു എന്നതാണ്. ഡോളര്‍ സൂചിക 98.52ലേക്ക് മുന്നേറി. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം കുറഞ്ഞു. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമായി. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില താഴ്ത്തിയത്. ഡോളര്‍ മൂല്യം ഇനിയും കൂടിയാല്‍ സ്വര്‍ണവില വരും ദിവസങ്ങിളിലും താഴും.
സ്വര്‍ണക്കട്ടിക്ക് അമേരിക്ക 39 ശതമാനം താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതോടെ സ്വര്‍ണ വിപണിക്ക് ആശ്വാസമായതും വില കുറയാന്‍ ഇടയാക്കി. മാത്രമല്ല, ചൈനയുമായി നിലവിലെ താരിഫ് അടുത്ത 90 ദിവസം കൂടി തുടരാന്‍ അമേരിക്ക തീരുമാനിച്ചു. ചൈനയില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്ക് അമേരിക്കയില്‍ 30 ശതമാനം നികുതിയും അമേരിക്ക ചൈനയിലേക്ക് ഇറക്കുന്ന ചരക്കുകള്‍ക്ക് 10 ശതമാനം നികുതിയുമാണ് ധാരണ.
അമേരിക്കയില്‍ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പ നിരക്ക് ഇന്ന് പുറത്തുവരും. ഇത് വിപണിയെ നേരിട്ട് സ്വാധീനിക്കുന്നതാണ്. മാത്രമല്ല, വെള്ളിയാഴ്ച അലാസ്‌കയില്‍ ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും നടത്തുന്ന ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയാല്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടായാല്‍ സ്വര്‍ണ വില കുറയും. മാത്രമല്ല, ഇന്ത്യയ്ക്കുള്ള ഉപരോധ ഭീഷണിയും നീങ്ങും.












Click it and Unblock the Notifications