സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ആഭരണ പ്രേമികള്‍ക്ക് ആശ്വാസം... ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ ആശ്വാസം. കേരളത്തില്‍ സ്വര്‍ണവില വന്‍ ഇടിവില്‍. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കുതിച്ചുയര്‍ന്ന സ്വര്‍ണം ആഭരണ പ്രേമികള്‍ക്ക് ആശങ്ക സമ്മാനിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മറിച്ചാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന പ്രചാരണമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതത്രെ.
ഈ മാസം ഒരു പവന്റെ വിലയില്‍ 4000 രൂപയോളം വര്‍ധിച്ചത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കാണ് വലിയ തിരിച്ചടി സമ്മാനിച്ചത്. എന്നാല്‍ കൂടിയ വിലയില്‍ നിന്ന് താഴുന്നത് ആശ്വാസമാണ്. ഇന്ന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45360 രൂപയാണ് വില. കഴിഞ്ഞ ദിവസം 45760 രൂപയായിരുന്നു. ഇതിന് മുമ്പാണ് റെക്കോര്‍ഡ് വിലയായ 45920 രൂപ രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയിലെത്തി. വരും ദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, എണ്ണവിലയിലെ മാറ്റമാണ് ഏവരും ഉറ്റുനോക്കുന്നത്. എണ്ണവില വര്‍ധിച്ചാല്‍ വിപണിയെ മൊത്തത്തില്‍ ബാധിക്കും. ഇന്ന് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 87.81 ഡോളറാണ് വില. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഈ മാസം രണ്ടാം വാരത്തില്‍ 91 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം കുറഞ്ഞു എന്നത് ആശ്വാസകരമാണ്.
ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്നു എന്നതാണ് മറ്റൊരു മാറ്റം. ഡോളര്‍ ഇന്‍ഡക്‌സ് 106.41 ലാണുള്ളത്. നേരിയ വര്‍ധനവ് പ്രകടമാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.24 എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം രാവിലെ ഇതേ നിരക്കായിരുന്നു എങ്കിലും പിന്നീട് 83.30 വരെ എത്തി. ഇന്ന് നേരിയ തോതില്‍ രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം വേഗത്തില്‍ അവസാനിക്കില്ല എന്ന് വ്യക്തമാണ്. എങ്കിലും വ്യാപിക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. ഇറാനോ തുര്‍ക്കിയോ സിറിയയോ യുദ്ധത്തിന്റെ ഭാഗമായേക്കില്ല. ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇസ്രായേലോ അമേരിക്കയോ പിന്മാറ്റത്തിന്റെ യാതൊരു സൂചനയും നല്‍കിയിട്ടില്ല.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ നിരക്ക് പ്രഖ്യാപിക്കും. ഇതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. അമേരിക്കയും യൂറോപ്പും നേരിടുന്ന പ്രധാന വെല്ലുവിളി പണപ്പെരുപ്പമാണ്. യുദ്ധ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സാമ്പത്തിക രംഗവും പ്രതിസന്ധി നേരിടുന്നുണ്ട്. വിപണിയിലെ ഈ ആശങ്ക സ്വര്‍ണവില ഉയരാന്‍ കാരണമായേക്കും.












Click it and Unblock the Notifications