സ്വര്‍ണവില താഴ്ന്നു; ഇന്ത്യന്‍ രൂപ കുത്തനെ ഇടിയുന്നു, ആഭരണങ്ങളുടെ വില, പവന്‍ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. യുദ്ധം തുടരുമെന്നും ചര്‍ച്ച തുടങ്ങുമെന്നുമുള്ള വിപരീത പ്രതികരണങ്ങളാണ് അമേരിക്കയുടെയും ഇറാന്റെയും ഭാഗത്തുനിന്നുള്ളത്. യുദ്ധം അവസാനിച്ചാല്‍ വിപണികള്‍ കൂടുതല്‍ സജീവമാകും. ഓഹരി വിപണിയില്‍ നേട്ടം കൊയ്യാന്‍ പറ്റും. അതുവരെ അസ്ഥിരത തുടരുമെന്നാണ് കരുതുന്നത്.
റഷ്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചത് സ്വര്‍ണവില കൂടുന്നതിന് തടസമായി. മാത്രമല്ല, ഡോളര്‍ സൂചിക കരുത്തോടെ നില്‍ക്കുന്നതും സ്വര്‍ണത്തെ താഴ്ത്തുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന പ്രധാന തിരിച്ചടി. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ താഴ്ന്ന് 13660 രൂപയാണ് ഇന്നത്തെ വില. പവന് 120 രൂപ കുറഞ്ഞ് 109280 രൂപയായി വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11225 രൂപയും പവന് 89800 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8745 രൂപയും പവന് 69960 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയും നല്‍കണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 4124 ഡോളറായി.
ക്രൂഡ് ഓയില്‍ കയറ്റുമതി പഴയ നിലയിലേക്ക് തിരിച്ചെത്തുന്നതിനാല്‍ വിലയില്‍ അല്‍പ്പം കുറവ് വരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറായി താഴ്ന്നു. ഇതോടെ ഡോളര്‍ സൂചിക അല്‍പ്പം കുറഞ്ഞ് 102.13 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം പക്ഷേ 96.42 എന്ന നിരക്കിലേക്ക് താഴ്ന്നു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 110200 രൂപയായിരുന്നു. ഇതിനേക്കാള്‍ 920 രൂപ കുറവാണ് ഇന്ന്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.19 ലക്ഷം രൂപയില്‍ താഴെയാകും ചെലവ് വരിക. അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോള്‍ 9000 രൂപ വരെ അധികമായി നല്‍കേണ്ടി വരും. അതേസമയം, ഇതേ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ഇത്രയും തുക നഷ്ടമാകും. എന്നാല്‍ സ്വര്‍ണവില ഉയരുന്ന വേളയിലാണ് വില്‍ക്കുന്നത് എങ്കില്‍ ഈ നഷ്ടം കുറയ്ക്കാം.
18 മുതല്‍ താഴേക്കുള്ള കാരറ്റിലെ ആഭരണമാണ് വാങ്ങുന്നത് എങ്കില്‍ പണിക്കൂലി അല്‍പ്പം കൂടും. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇതില്‍ ലഭിക്കുക. അടുത്ത കാലത്തായി വലിയ മാലകളും വിപണിയിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കാരറ്റ് കുറഞ്ഞ ആഭരണം ചോദിച്ചുവരുന്ന സാഹചര്യത്തിലാണ് 18, 14, 9 കാരറ്റ് ആഭരണങ്ങളില്‍ കൂടുതല്‍ ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു.


Click it and Unblock the Notifications
