സ്വര്‍ണം ഇങ്ങനെ വില കുറഞ്ഞിട്ട് എന്തുകാര്യം; ഇന്ന് കുറഞ്ഞത് വെറും 80 രൂപ, പവന്‍ വില അറിയാം
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് അല്‍പ്പം താഴ്ന്നു. മിക്ക ദിവസങ്ങളിലും 500, 600 രൂപ പവന്‍മേല്‍ ഉയരുന്നുണ്ടെങ്കിലും ഇന്ന് കുറഞ്ഞത് വെറും 80 രൂപയാണ്. ഇത് ജ്വല്ലറി വ്യാപാരികളെയും ആഭരണം വാങ്ങുന്ന ഉപഭോക്താക്കളെയും സന്തോഷിപ്പിക്കുന്നില്ല. വില കൂടിയത് കാരണം വ്യാപാരം കുറഞ്ഞത് വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം, സ്വര്‍ണത്തിന്റെ ഇടപാടുകള്‍ വര്‍ധിച്ചുവരികയാണ്. നിക്ഷേപ ഇടപാടുകളാണ് കൂടുന്നത്. ഡിജിറ്റലായും സ്വര്‍ണക്കട്ടിയായും വാങ്ങുന്നവരാണ് കൂടുതല്‍. കൂടാതെ കേന്ദ്ര ബാങ്കുകളും കോര്‍പറേറ്റുകളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതും വര്‍ധിക്കുന്നു. ഇതെല്ലാം സ്വര്‍ണത്തിന് ആവശ്യക്കാരെ കൂട്ടുന്നുണ്ട്. അതിന് പുറമെ സ്വര്‍ണവില കൂടുന്നത് മറ്റു ചില ഘടകങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 79480 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിനാണ് 80 രൂപ കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8160 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6355 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4100 രൂപയും. വെള്ളിയുടെ വില ഗ്രാമിന് 133 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3595 വരെ ഉയര്‍ന്നിരുന്നു എങ്കിലും 3584ലേക്ക് താഴ്ന്നു. ഏതുസമയവും തിരിച്ചുകയറാനും ഇറങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കേരള വിപണിയിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഉയര്‍ന്ന വിലയില്‍ എത്തിയ സാഹചര്യത്തില്‍ വിറ്റഴിച്ച് ലാഭം കൊയ്യല്‍ തുടങ്ങിയാല്‍ സ്വര്‍ണവില കുറയും.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി സൗഹൃദത്തിന്റെ ഭാഷയില്‍ സംസാരിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനമായ രീതിയില്‍ പ്രതികരിച്ചതും വിപണിക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന പ്രവചനവുമായി മുഡീസ് സാമ്പത്തിക വിദഗ്ധന്‍ രംഗത്തുവന്നത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു.
ഈ മാസം 17ന് ചേരുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ വലിയ തോതില്‍ കുറയ്ക്കുമോ അതോ നേരിയ മാറ്റം വരുത്തുകയാണോ ചെയ്യുക എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ജോലി ഡാറ്റയില്‍ തിരിച്ചടിയാണ് എന്ന വിവരം വന്നതോടെയാണ് അമേരിക്ക പലിശ കുറയ്ക്കുമെന്ന് ഉറപ്പായത്. വിപണിക്ക് ഉത്തേജനം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികള്‍.
പലിശ നിരക്ക് വന്‍തോതില്‍ കുറച്ചാല്‍ സ്വര്‍ണവില കുതിച്ചുയരും. ഡോളര്‍ സൂചിക 97.87 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 88.15 എന്ന നിരക്കിലാണ്. ഇത് രണ്ടും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി. ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച അളവില്‍ ഉല്‍പ്പാദനം കൂട്ടുന്നില്ല എന്ന വിവരം വന്നതാണ് ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണം. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നേരിയ മുന്നേറ്റത്തോടെയാണ്.












Click it and Unblock the Notifications