സ്വര്‍ണവില കുതിച്ചത് 1000 രൂപയിലേറെ; ഇന്ന് കുറഞ്ഞത് 160 രൂപ മാത്രം... വന്‍ കുതിപ്പിന് കാരണം ഇതാണ്
കൊച്ചി: സ്വര്‍ണവിലയില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞാഴ്ച രണ്ട് ദിവസങ്ങളില്‍ മാത്രം 1040 രൂപ വര്‍ധിച്ചു. സമാനമായ കയറ്റം ഈ ആഴ്ചയും പ്രതീക്ഷിക്കുന്നു എന്നാണ് വിപണി നിരീക്ഷകര്‍ പറഞ്ഞത്. പക്ഷേ, ഇന്ന് വില അല്‍പ്പം കുറയുകയാണ് ചെയ്തിരിക്കുന്നത്. വന്‍തോതില്‍ ഉയര്‍ന്ന ശേഷം നേരിയ ഇടിവ് മാത്രം.
ഈ മാസം ഒന്നിന് പവന്‍ വില 53000 രൂപയായിരുന്നു. അതുതന്നെയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. പിന്നീടാണ് കുതിപ്പ് തുടങ്ങിയത്. ഇന്നലെ 54120 രൂപയാണ് പവന് നല്‍കേണ്ടിയിരുന്നത്. വലിയ കുതിപ്പിന് കാരണം അമേരിക്കന്‍ വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

ഇന്ന് പവന് 160 രൂപ കുറഞ്ഞ് 53960 രൂപയിലെത്തി. ഗ്രാമിന് 20 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6745ലെത്തി. വിപണിയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണ വില ഉയരാനാണ് സാധ്യത. ഡോളര്‍ കരുത്ത് കുറയുന്നതും സ്വര്‍ണ വില ഉയരുമെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.
അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാകുന്നു എന്നാണ് പുതിയ കണക്കുകള്‍. അതുകൊണ്ടുതന്നെ പലിശ നിരക്കില്‍ ഫെഡ് റിസര്‍വ് കുറവ് വരുത്തിയേക്കുമെന്നാണ് പ്രചാരണം. സെപ്തംബറിനും ഡിസംബറിനുമിടയില്‍ രണ്ട് തവണയായി പലിശ കുറയ്ക്കുമെന്ന അഭ്യുഹം പ്രചരിച്ചത് കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.
ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ രാജ്യത്തെ സാമ്പത്തിക സാഹചര്യം സംബന്ധിച്ച് വൈകാതെ അമേരിക്കന്‍ കോണ്‍ഗ്രസിന് മൊഴി നല്‍കും. അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമെന്നതിനെ അടിസ്ഥാനപ്പെടുത്തി വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ആനുപാതികമായ മാറ്റം സ്വര്‍ണവിലയിലുമുണ്ടാകും. പലിശ നിരക്ക് കുറയ്ക്കുമെന്ന തീരുമാനം വന്നാല്‍ സ്വര്‍ണവില കുതിച്ചുയരും.
ഡോളര്‍ സൂചികയില്‍ ഇടിവ് വരുന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. 106 വരെ ഉയര്‍ന്നിരുന്ന സൂചിക ഇപ്പോള്‍ 105ന് താഴെയാണ്. ഏറ്റവും പുതിയ നിരക്ക് 104.91 ആണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.45 ആണ്. രൂപയ്ക്ക് വലിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സധിക്കുന്നില്ല എന്നതും പുതിയ കണക്കുകളില്‍ വ്യക്തം.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോഴാണ് ഇത്രയും വലിയ തുകയിലേക്ക് എത്തുക. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 86.43 ഡോളര്‍ ആണ് പുതിയ വില. മര്‍ബണ്‍ ക്രൂഡിന് 86.60 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡിന് 82.94 ഡോളര്‍ എന്നിങ്ങനെയാണ് വില.












Click it and Unblock the Notifications