സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഏറിയും കുറഞ്ഞും ചാഞ്ചാടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം. രണ്ട് ദിവസം മുമ്പ് വലിയ ഇടിവ് സംഭവിച്ചത് ആഭരണ പ്രേമികള്‍ക്ക് നേട്ടമായി. അന്ന് നിരവധി പേരാണ് അഡ്വാന്‍സ് ബുക്കിങിന് എത്തിയതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അതേസമയം, 18 ക്യാരറ്റ് സ്വര്‍ണം കൗമാരക്കാര്‍ക്കിടയില്‍ ട്രെന്‍ഡ് ആകുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വിശേഷം.
22 ക്യാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ സാധാരണ കൂടുതല്‍ വില്‍ക്കുന്നത്. എന്നാല്‍ വില കൂടിയ സാഹചര്യത്തില്‍ 18 ക്യാരറ്റിനും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. 18 ക്യാരറ്റില്‍ വ്യത്യസ്ത മോഡലുകള്‍ ലഭ്യമാണ് എന്നതും ഇതിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കാന്‍ കാരണമാണ്. വിവാഹ ആവശ്യക്കാര്‍ എല്ലാവരും അഡ്വാന്‍സ് ബുക്കിങ് രീതി സ്വീകരിക്കുന്നു എന്നതും പുതിയ മാറ്റമാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയാണ് വില. 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6625 രൂപയിലെത്തി. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് പവന് 50680 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2320 രൂപ കുറവായിരുന്നു അന്ന്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില പവന് 54520 രൂപയായിരുന്നു.
ഡോളര്‍ സൂചികയില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞിരിക്കുകയാണ് സൂചിക. ഇത് സ്വര്‍ണവില ഉയരാന്‍ കാരണമായേക്കും. ഡോളറിനെതിരെ 83.38 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. അതേസമയം, എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 88 ഡോളറില്‍ തുടരുകയാണ്. എണ്ണ വില കൂടണമെന്നാണ് ഉല്‍പ്പാദക രാജ്യങ്ങളുടെ താല്‍പ്പര്യം. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ മറിച്ചും ആഗ്രഹിക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വില്‍ക്കുന്ന ചില ജ്വല്ലറികളുണ്ട്. എന്നാല്‍ മിക്ക ജ്വല്ലറികളും കുറഞ്ഞത് നാല് മുതല്‍ അഞ്ച് ശതമാനം വരെ പണിക്കൂലി ഈടാക്കുന്നവരാണ്. ഡിസൈന്‍ കൂടിയ ആഭരണങ്ങള്‍ക്ക് പണിക്കൂലിയും വര്‍ധിക്കും.
പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് 51500 രൂപ പവന് ലഭിച്ചേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറികള്‍ വില നിശ്ചയിക്കുക. വാങ്ങിയ ജ്വല്ലറിയില്‍ തന്നെ സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ രണ്ട് ശതമാനം കുറയ്ക്കാനാണ് സാധ്യത. ജ്വല്ലറി മാറി വില്‍ക്കുന്ന വേളയില്‍ നാല് ശതമാനം വരെ കുറവ് വരുത്തിയേക്കും.












Click it and Unblock the Notifications