സ്വര്‍ണവില വീണ്ടും താഴോട്ട്; വന്‍ ഇടിവിലേക്ക് പോകുന്നു, ആഭരണം വാങ്ങുന്നവര്‍ കാത്തിരിക്കൂ, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിയുന്നു. വലിയ കുതിപ്പ് നടത്തിയ ശേഷമുള്ള വിലക്കുറവ് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നേട്ടമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ജ്വല്ലറിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് വന്നേക്കുമെന്നാണ് നിലവിലെ ട്രെന്‍ഡ് പരിശോധിച്ചുള്ള വിലയിരുത്തല്‍.
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. അമേരിക്കയുടെ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ഭരണ മാറ്റമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ മാറ്റം പ്രകടവുമല്ല. ബിറ്റ് കോയില്‍ വില കുതിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം ഇടിയുന്നു എന്നത് ആശങ്കപ്പെടുത്തുന്നു. ഇന്നത്തെ സ്വര്‍ണവില പരിശോധിക്കാം...

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 440 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 5950 രൂപയിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ വിലയിലും ഇടിവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 99 രൂപയിലെത്തി. ഏറെ നാള്‍ക്ക് ശേഷമാണ് വെള്ളിവില ഗ്രാമിന് 100 രൂപയില്‍ താഴെ വരുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2669 ഡോളറാണ് പുതിയ വില. വ്യാപാരം നടക്കുന്നതിനാല്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞാഴ്ച 2800 രൂപയിലേക്ക് അടുക്കുകയായിരുന്നു. പിന്നീടാണ് പൊടുന്നനെ കുതിപ്പ് അവസാനിച്ച് ഇടിയാന്‍ തുടങ്ങിയത്. ഉയര്‍ന്ന വിലയിലെത്തിയ വേളയില്‍ വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യല്‍ നടന്നതും വില ഇടിയാന്‍ കാരണമായിട്ടുണ്ട്.
ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില 57600 രൂപയായിരുന്നു. വരുംദിവസങ്ങളില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയാണ് ഉപഭോക്താക്കള്‍ വേണ്ടത്. അങ്ങനെ ചെയ്താല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. വില പിന്നീട് കൂടിയാലും ബുക്ക് ചെയ്ത വിലയ്ക്ക് സ്വര്‍ണാഭരണം കിട്ടും. ബുക്ക് ചെയ്യാന്‍ ഇന്ന് നല്ല ദിനമാണെങ്കിലും ഇനിയും കുറയുമോ എന്ന് കാത്തിരുന്ന ശേഷം മതി ആഭരണം വാങ്ങല്‍.
ഡോളറിന്റെ മൂല്യം ഉയരുന്നതാണ് സ്വര്‍ണവില ഇനിയും കുറയുമെന്ന് പറയാന്‍ കാരണം. ഡോളര്‍ സൂചിക 105.08 എന്ന നിരക്കിലാണുള്ളത്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയുടെ ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, വിവിധ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം വരുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.
അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കുറയുന്നു എന്നതാണ് ആശങ്ക. ഡോളറിനെതിരെ 84.39 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രൂപ. ക്രൂഡ് ഓയില്‍ വില കുതിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു എങ്കിലും അത് സംഭവിച്ചിട്ടില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 73.59 ഡോളറാണ് പുതിയ വില. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും അമേരിക്ക എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്ന വാര്‍ത്തകളുമാണ് ഇതിന് കാരണം.












Click it and Unblock the Notifications