ആറാം ദിനം സ്വര്‍ണവില മാറി; ശുഭ സൂചനയില്ല, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: അഞ്ച് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് മാറ്റം. കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്ന സൂചനകള്‍ കഴിഞ്ഞദിവസം വിപണിയില്‍ നിന്ന് ലഭ്യമായിരുന്നു. നേരിയ വര്‍ധവന് മാത്രമാണുണ്ടായിട്ടുള്ളത് എന്നത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് വില ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 43280 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. അഞ്ച് ദിവസം ഇതേ വില തുടര്‍ന്നത് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നേട്ടമായി. എന്നാല്‍ ഇനിയും കുറയുമോ എന്ന സംശയത്തില്‍ കാത്തിരുന്നവരും നിരവധിയാണ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാത്തിരിക്കാതെ വില കുറയുന്ന അവസരം മുതലെടുക്കുന്നതാണ് ഉചിതം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 43360 രൂപയാണ്. 80 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാം വില 5420 രൂപയായി ഉയര്‍ന്നു. വരും ദിവസങ്ങളിലും വിലയില്‍ നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. മിക്ക ജ്വല്ലറികളിലും അഡ്വാന്‍സ് ബുക്കിങ് സംവിധാനമുണ്ട്.
വാങ്ങുന്ന സ്വര്‍ണത്തിന് എത്ര തുക നല്‍കുന്നോ അതിനനുസരിച്ച് അഡ്വാന്‍സ് ബുക്കിങ് കാലാവധിയില്‍ മാറ്റമുണ്ടാകും. സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യുകയാണെങ്കില്‍ ഒരു വര്‍ഷം വരെ സമയം നല്‍കും. ഇക്കാലയളവില്‍ എപ്പോള്‍ വാങ്ങിയാലും ബുക്ക് ചെയ്ത വിലയും വാങ്ങുന്ന സമയത്തെ വിലയും പരിശോധിച്ച് കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
ആഗോള വിപണിയിലെ മാറ്റങ്ങള്‍ നേരിട്ട് സ്വാധീനിക്കുന്നതാണ് സ്വര്‍ണവില. ഡോളറിലുണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് സ്വര്‍ണവിലയിലും മാറ്റം വരും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളര്‍ ഇന്‍ഡക്‌സില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകടമായ മാറ്റം സംഭവിക്കുന്നില്ല. ഏറ്റവും പുതിയ നിരക്ക് 103.18 ആണ്.
രൂപയുടെ മാറ്റവും സ്വര്‍ണത്തെ ബാധിക്കുന്നതാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.08 എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ മാറ്റം മാത്രമാണുള്ളത്. യുഎഇയുമായുള്ള വ്യാപാര ഇടപാടിന് രൂപ ഉപയോഗിക്കാന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്താനാണ് ആര്‍ബിഐയുടെ ശ്രമം. എണ്ണവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.32 ഡോളര്‍ ആണ് പുതിയ വില.












Click it and Unblock the Notifications