സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണ പ്രേമികള്‍ക്ക് അവസരം... ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന സ്വര്‍ണം ഇന്ന് താഴുകയായിരുന്നു. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഇന്നത്തെ വില. വിപണിയിലെ സാഹചര്യം പ്രവചിക്കാന്‍ പറ്റാത്ത രീതിയിലാണ്. അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതാണ് സ്വര്‍ണം വില കുറയാന്‍ ഒരു കാരണം. ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതും വിലയിടിവിന് കാരണമായി.
ഈ മാസം തുടങ്ങുമ്പോഴുണ്ടായിരുന്ന വിലയിലേക്ക് സ്വര്‍ണം വീണ്ടും എത്തുകയാണ് എന്ന് പറയേണ്ടി വരും. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയത് പവന് 44560 രൂപയായിരുന്നു. 25ാം ദിവസമായ ഇന്ന് രേഖപ്പെടുന്നത് 44640 എന്ന വിലയാണ്. അതായത് 80 രൂപ കുറഞ്ഞാല്‍ പഴയ വിലയിലേക്ക് സ്വര്‍ണം എത്തും. ഇതിനിടെ സര്‍വകാല റെക്കോര്‍ഡിട്ട ശേഷമാണ് വില കുറയുന്നത് എന്നതും എടുത്തു പറയണം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില 44640 രൂപയാണ്. ഒരു ഗ്രാമിന് 5580 ആയി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്താനിരിക്കുകയാണ് സ്വര്‍ണം. അന്താരാഷ്ട്ര വിപണിയിലെ ചില മാറ്റങ്ങള്‍ കാരണമാണ് സ്വര്‍ണവില ഇടിയുന്നത്. സ്വര്‍ണ നിക്ഷേപകര്‍ക്ക് ആശങ്കയും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസവുമാണ് ഇന്നത്തെ വില നല്‍കുന്നത്.
ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മറ്റു ആറ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യം 104ലേക്ക് ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂല്യം 103ലായിരുന്നു. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. മറ്റു കറന്‍സികള്‍ ഉപോയഗിച്ച് സ്വര്‍ണം വാങ്ങാനുള്ള ശേഷി കുറയുന്നതാണ് ഇതിന് കാരണം.
ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതും വില കുറയാന്‍ മറ്റൊരു കാരണമാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും വില കുറഞ്ഞിട്ടുണ്ട്. വില കുറയാനാണ് സാധ്യത എന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. അതേസമയം, അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന വിഷയത്തില്‍ തീരുമാനമാകാത്തത് നേരിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെന്നാണ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യം. റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടന്നെങ്കിലും അന്തിമ ഫലത്തിലേക്ക് എത്തിയിട്ടില്ല. ഈ മാസം അവസാനിക്കുംമുമ്പ് തീരുമാനമായില്ലെങ്കില്‍ അമേരിക്കന്‍ ട്രഷറി പ്രതിസന്ധിയിലാകും. ഈ വേളയില്‍ നിക്ഷേപകര്‍ ആശങ്കയിലാകാനും സ്വര്‍ണത്തിലേക്ക് തിരിയാനും സാധ്യതയേറെയാണ്.












Click it and Unblock the Notifications