സ്വര്‍ണം താഴോട്ട് തന്നെ; ഇന്നും വില കുറഞ്ഞു... വിപണി തിളങ്ങും, ലാഭമുണ്ടാക്കാന്‍ ചില വഴികള്‍
കൊച്ചി: സ്വര്‍ണവില ഇടിഞ്ഞു താഴുകയാണ്. സെപ്തംബര്‍ അവസാന വാരത്തില്‍ തുടങ്ങിയ വിലയിടിവ് ഒക്ടോബറിലും തുടരുന്നു. സെപ്തംബറില്‍ അഞ്ച് ശതമാനം വില ഇടിവുണ്ടായി എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള വിവരം. ഒരു മാസം 1600 രൂപയോളം ഇടിവ് വരുന്നത് ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടാണ്. ഈ സാഹചര്യത്തില്‍ വിപണി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഒരു വേള സ്വര്‍ണവില 45000ത്തില്‍ എത്തിയപ്പോള്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങുന്ന പ്രവണതയും കൂടി. ഇതാകട്ടെ ജ്വല്ലറി വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി. എന്നാല്‍ വില കുറയുമ്പോള്‍ അവര്‍ പ്രതീക്ഷയിലാണ്. ആഗോള വിപണിയിലെ സാഹചര്യം പരിശോധിച്ചാല്‍ ഇനിയും വില ഇടിയുമെന്നാണ് കരുതുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 42560 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 120 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 5320 രൂപയാണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാനാണ് സാധ്യത. ഡോളര്‍ ഇന്‍ഡക്‌സ് 106 കടന്ന് കുതിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഈ കുതിപ്പ്.
എണ്ണവില കുത്തനെ ഇടിയുന്നു എന്നതാണ് മറ്റൊരു ആശ്വാസകരമായ കാര്യം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92.46 ഡോളര്‍ എന്ന നിരക്കിലാണ്. ഇതോടെ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡോളറിനെതിരെ 83.20 എന്ന നിരക്കിലാണ് വ്യാപാരം.
സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ആഭരണം വാങ്ങുന്നവര്‍ക്ക് വളരെ സന്തോഷമുണ്ടാക്കും. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. സ്വര്‍ണം ആഭരണമായി സൂക്ഷിക്കാനാണ് മലയാളികള്‍ക്ക് ഇഷ്ടം. ആഭരണം വാങ്ങുന്നതിനേക്കാള്‍ മറ്റു രീതിയിലുള്ള നിക്ഷേപ മാര്‍ഗമാണ് ആദായകരം. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും അധിക തുകയായി നല്‍കേണ്ടി വരും.
ഓരോ ആഭരണത്തിനും പണിക്കൂലി നല്‍കേണ്ടി വരും. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലിയും കൂടും. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ന്നുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ഏഴ് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും നോക്കിയാല്‍ വാങ്ങുന്നതിന്റെ 10 ശതമാനം അധികതുക നല്‍കണം എന്ന് ചുരുക്കം.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അധിക തുക വേണ്ടി വരില്ല. വിപണി വില അടിസ്ഥാനമക്കിയാണ് ഈ നിക്ഷേപങ്ങള്‍. ആഭരണം വാങ്ങുന്നതിനേക്കാള്‍ സുരക്ഷിതത്വം ഇത്തരം നിക്ഷേപങ്ങള്‍ക്കുണ്ട്. ആഭരണം ബാങ്കില്‍ സൂക്ഷിക്കുകയാണെങ്കില്‍ ലോക്കര്‍ ചാര്‍ജ് നല്‍കണം. മേല്‍പ്പറഞ്ഞ നിക്ഷേപങ്ങളില്‍ ആ ചെലവും ലാഭിക്കാം.












Click it and Unblock the Notifications