സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷ; മെയ് ദിനത്തില്‍ സ്വര്‍ണവില ഇടിഞ്ഞു... ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: ഏപ്രില്‍ സ്വര്‍ണ പ്രേമികള്‍ക്ക് സമ്മാനിച്ചത് ആശങ്കയാണ്. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത് ഏപ്രില്‍ മാസത്തിലാണ്. 45320 എന്ന തോതിലേക്ക് പവന്‍വില കുതിച്ചത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ സ്വര്‍ണം പിന്നീട് ഇടിയുന്നതാണ് കണ്ടത്. ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ സ്വര്‍ണവില പവന് 44680 രൂപയായിരുന്നു.
ഏപ്രില്‍ മാസം തുടങ്ങുന്ന വേളയില്‍ സ്വര്‍ണവില എത്രയായിരുന്നോ ആ വിലയിലേക്ക് തന്നെ മാസം അവസാനിക്കുമ്പോള്‍ തിരിച്ചെത്തി എന്നതാണ് ആഗോള വിപണിയിലെ കണക്ക്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഏപ്രിലില്‍ വന്‍തോതില്‍ ഉയര്‍ന്നുവെന്ന് പറയാനാകില്ല. ഒരു ഔണ്‍സിന് 1990 ഡോളര്‍ ആയിരുന്നു വില. ഒരുവേള 2048ലേക്ക് വരെ എത്തി. എന്നാല്‍ മാസാവസാനം 1989 ഡോളറായി കുറഞ്ഞു.

മെയ് ഒന്നിന് കേരളത്തില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ഒരു പവന് നല്‍കേണ്ട വില 44560 രൂപയാണ്. ഏപ്രില്‍ 30ലെ വിലയില്‍ നിന്ന് 120 രൂപ കുറഞ്ഞു. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5570 രൂപയാണ്. ഇത് ശുഭ സൂചനയായിട്ടാണ് കാണുന്നത്. ആദ്യ ദിനത്തില്‍ വില കുറഞ്ഞതിനാല്‍ വരും ദിവസങ്ങളിലും നേരിയ വിലക്കുറവ് പ്രതീക്ഷിക്കുന്നുണ്ട്.
ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം വരുംദിവസങ്ങളിലുണ്ടാകും. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഈ മാസം സ്വര്‍ണവില കൂടുമോ കുറയുമോ എന്നറിയാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.
ഈ വര്‍ഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് വരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ആറ് ശമതാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം വില കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. ആഗോള വിപണി വീണ്ടും ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവചനം. വിപണിയില്‍ അസ്ഥിരതയുണ്ടാകുമ്പോഴാണ് സ്വര്‍ണവില ഉയരുക.
ആഗോള സാമ്പത്തിക മാന്ദ്യവും ഡോളര്‍ മൂല്യം ഇടിയുന്നതുമാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമാകുന്നത്. അമേരിക്ക സാമ്പത്തിക രംഗം പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്തിയില്ല എന്നാണ് വ്യാഴാഴ്ച പുറത്തുവന്ന കണക്ക്. യുഎസ് വിപണിയില്‍ നിക്ഷേപം കുറഞ്ഞുവെന്ന് ഡാറ്റ വിശദമാക്കുന്നു. ഇത് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
പണപ്പെരുപ്പമാണ് അമേരിക്കന്‍ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി. ഇത് പിടിച്ചുനിര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്നു. ഉയര്‍ത്തുന്ന പലിശയുടെ തോത് കുറയ്ക്കണമെന്നാണ് വ്യവസായികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പം സൃഷ്ടിച്ച ആശങ്ക ഒഴിയാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കുമെന്നും പറയപ്പെടുന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും മെയ് മാസത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില വീണ്ടും ഉയരും. അതേസമയം, സ്വര്‍ണം അവശ്യ വസ്തുവായി കണക്കാക്കാത്തതിനാല്‍ സ്വര്‍ണവില ഉയരുന്നത് കേന്ദ്ര ബാങ്കുകള്‍ അമിത പ്രധാന്യത്തോടെ പരിഗണിക്കില്ല.


Click it and Unblock the Notifications