സ്വർണ വില കൂപ്പുകുത്തി: സമീപകാലത്തെ റെക്കോർഡ് ഇടിവ്, ഇന്ന് തന്നെ വിട്ടോ ജ്വല്ലറിയിലേക്ക്
സംസ്ഥാനത്ത് സ്വർണ വില കൂപ്പുകുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായ ഇടിവാണ് സംസ്ഥാനത്തും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നുള്‍പ്പെടെ സ്വർണ വിപണിയില്‍ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകരെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് വിലയിലെ ഇടിവ് നല്‍കുന്നത്.
ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 43120 ലേക്ക് എത്തി. കഴിഞ്ഞ ദിവസം 43600 രൂപയായിരുന്നു നിരക്ക്. ഗ്രാമിന്റെ വില 5450 ല്‍ നിന്നും ഇടിഞ്ഞ് 5390 എന്ന നിലയിലേക്കും എത്തി. 60 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് 47040 രൂപയാണ് ഇന്ന് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 47560 രൂപയായിരുന്നു. ഗ്രാമിന്റെ വില 5945 രൂപ എന്ന നിരക്കില്‍ നിന്ന് 5880 എന്നതിലേക്ക് എത്തി. ഗ്രാമിനും പവനും യഥാക്രമം ഇന്ന് 65, 520 എന്ന നിലയിലാണ് ഇടിവുണ്ടായിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 22 കാരറ്റ് സ്വർണത്തിന് ആകെ 840 രൂപയുടെ കുറവുണ്ടായി. സെപ്റ്റംബർ 26 ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43,800 രൂപ എന്ന നിരക്കിലേക്ക് എത്തിയിരുന്നു. 27 ന് 200 രൂപ കുറഞ്ഞ് 43,600 ലേക്കും എത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാസത്തിലെ ഉയർന്ന നിലവാരത്തിനുള്ളിലും താഴ്ന്ന നിലവാരത്തിനുള്ളിലും സ്വര്‍ണ വില എത്തി എന്നുള്ളതാണ് ശ്രദ്ധേയം. സെപ്റ്റംബര്‍ 14 ന് 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിരുന്നു. അഞ്ച് ദിവസം കൊണ്ട് ഏകദേശം 560 രൂപയുടെ വർധനവുണ്ടായി. സെപ്റ്റംബര്‍ 19 ന് രേഖപ്പെടുത്തിയ 44,160 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
രാജ്യന്തര വിപണിയിലും സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1874.75 ഡോളറിലേക്ക് വില ഇടിഞ്ഞു. ഇപ്പോൾ രാജ്യാന്ത വിപണിയിൽ ആറര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ വില. ഡോളറിലേക്കും ട്രഷറിയിലേക്കുമുള്ള തുടർച്ചയായ നിക്ഷേപമാണ് സ്വർണ വില ഇടിയാന്‍ കാരണം. വിപണി വീണ്ടും പലിശ പേടിയിലേക്ക് നീങ്ങിയതാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി.
കോൺഫറൻസ് ബോർഡിന്റെ ഉപഭോക്തൃ കോൺഫിഡൻസ് സൂചിക സെപ്റ്റംബറിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്. വ്യക്തിഗത ഉപഭോഗ ചെലവ് വില സൂചിക സെപ്റ്റംബർ 29 ന് പുറത്തിറങ്ങും. പലിശ നിരക്ക് ഉയരുകയാണെങ്കില്‍ ഡോളറിനും ബോണ്ട് യീൽഡിനും ശക്തിപകരുകയും സ്വർണ വില വീണ്ടും ഇടിയുന്നതിന് കാരണമാവുകയും ചെയ്തേക്കും.












Click it and Unblock the Notifications