Gold Rate today: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; വില കുറഞ്ഞത് ആശ്വാസം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് അതുല്യ അവസരമാണിത്. 44000ത്തിലേക്ക് സ്വര്‍ണവില എത്തുകയാണ്. 46000 വരെ എത്തിയിരുന്ന വിലയാണ് വില കുറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലും നേരിയ തോതില്‍ വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ഒന്നിന് 44800 രൂപയായിരുന്നു സ്വര്‍ണവില. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അതായിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. ഇടയ്ക്ക് നേരിയ വിലക്കയറ്റവും പ്രകടമായി. എന്നാല്‍ ഇന്ന് പവന്മേല്‍ 320 രൂപ കുറയുകയാണ് ചെയ്തത്. വിവാഹ ആവശ്യക്കാര്‍ക്ക് വില കുറഞ്ഞത് ആശ്വാസമാണ്.

44160 രൂപയാണ് ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5520 രൂപയുമായി. ഇനിയും വില കുറഞ്ഞാല്‍ മാത്രമേ വ്യാപാരം സജീവമാകൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. പവന് 38000 നിരക്കുണ്ടായിരുന്ന വേളയിലെ വ്യാപാരം ഇപ്പോള്‍ നടക്കുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു. വില കൂടിയത് കാരണം പുതിയ ആഭരണങ്ങളുടെ വില്‍പ്പന നടക്കുന്നില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒരു പവന്റെ വിലയാണ് 44160 രൂപ എന്നത്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇതിനേക്കാള്‍ വില നല്‍കേണ്ടി വരും. പവന്‍ വില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് ഉപഭോക്താവ് നല്‍കേണ്ടി വരിക. ആഭരണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 3500 രൂപ വരെ അധികം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
അതേസമയം, പുതിയ ആഭരണങ്ങളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. വാങ്ങുന്ന ആഭരണങ്ങളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ചിലര്‍ പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുകയാണ് ചെയ്യുന്നത്. മറ്റു ചിലര്‍ 18 ക്യാരറ്റിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ പുരോഗതിയുണ്ടെന്നും വ്യാപാരികള്‍ സൂചിപ്പിച്ചു.
ഡോളര്‍ ഇന്‍ഡക്‌സില്‍ ഉയര്‍ച്ചയുണ്ടായതാണ് സ്വര്‍ണവില കുറയാന്‍ കാരണം. രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് വരാത്തതും നേട്ടമായി. ഈ മാസം 13, 14 ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം ചേരുന്നുണ്ട്. പലിശ നിരക്കില്‍ മാറ്റം വരുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഫെഡ് റിസര്‍വിന്റെ തീരുമാനം വിപണിയെ നേരിട്ട് ബാധിക്കും.
അതേസമയം, ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പം നേരിടാനാണ് കനേഡിയന്‍ ബാങ്കിന്റെ നടപടി. ഇത് കനേഡിയന്‍ കറന്‍സിക്ക് തിരിച്ചടിയായേക്കും. അമേരിക്കയുടെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍ 13ന് വരും. ഇതും യുഎസ് വിപണി ഉറ്റുനോക്കുന്നതാണ്. അമേരിക്കന്‍ വിപണിയിലുണ്ടാകുന്ന മാറ്റം സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നതാണ്.












Click it and Unblock the Notifications