സ്വർണ വിലയിലെ ഡബിള്‍ കുതിപ്പിന് വിരാമം: ഇന്ന് വിലയില്‍ ഇടിവ്, അക്ഷയ തൃതീയക്ക് വാങ്ങിയവർ മണ്ടന്മാരായോ?
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ രണ്ട് തവണയാണ് സ്വർണ വില വർധിച്ചത്. ഇതോടെ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തുകയും ചെയ്തു. അക്ഷയ തൃതീയ ദിനമായതിനാല്‍ തന്നെ വില വർധിച്ചിട്ടും ജ്വല്ലറിയില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്കുണ്ടായെങ്കിലും വർധിച്ച വിലയുടെ സാഹചര്യത്തില്‍ പലരും ചെറിയ അളവിലാണ് സ്വർണം വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ സ്വർണം രണ്ട് തവണ ഉയർന്നെങ്കിലും ആശ്വാസമായി ഇന്ന് വിലയില്‍ ഇടിവുണ്ടായിരിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6725 രൂപയും പവന് 53800 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്.

24 കാരറ്റിലും 18 കാരറ്റിലും സമാനമായ രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് 264 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 58688 രൂപയായി. 58952 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 18 കാരറ്റില്‍ പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില ഇന്നലത്തെ 44216 നിരക്കില്‍ നിന്നും 44016 രൂപയായി.
ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമായിരുന്നു അക്ഷയ തൃതീയ ദിനമായ ഇന്നലെ രാവിലെ വ്യാപാരം നടന്നത്. എന്നാല്‍ വൈകീട്ടോടെ ഗ്രാമിന് വീണ്ടും 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6755 രൂപയും പവന് 54040 രൂപയും എന്ന നിരക്കിലേക്ക് എത്തി. ഈ മാസം ആദ്യമായിട്ടായിരുന്നു വില 54000 ത്തിന് മുകളിലേക്ക് എത്തുന്നത്.
പവന് സ്വർണത്തിന് 800 രൂപയുടെ ഇടിവോടെയായിരുന്നു മെയ് മാസം വിപണി ആരംഭിച്ചത്. 52440 രൂപയായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ രണ്ടാം തിയതി 560 രൂപ വർധിച്ചതോടെ വില വീണ്ടും 53000 ത്തിലേക്ക് എത്തി. തൊട്ടുപിന്നാലെ മൂന്നാം തിയതി 400 രൂപ കുറഞ്ഞതോടെ വില 52600 ആയി. ഈ മാസത്തിലെ കുറഞ്ഞ നിരക്കാും ഇതാണ്.












Click it and Unblock the Notifications