സ്വര്‍ണം ഇന്ന് വാങ്ങുന്നവര്‍ക്ക് ആശ്വാസം; സ്വര്‍ണവില ഇടിഞ്ഞു തന്നെ... ഇന്നത്തെ വില അറിയാം
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ അമ്പരപ്പിച്ച സ്വര്‍ണവില നേരിയ ആശ്വാസം തരുന്നു. സ്വര്‍ണം വിലയിടിവില്‍ തുടരുകയാണ്. ആവശ്യക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന സമയമാണിത്. കാരണം ഏത് സമയവും വില ഉയരാനുള്ള സാധ്യതയുണ്ട്. റെക്കോര്‍ഡ് വിലയായ 45000 രേഖപ്പെടുത്തിയത് ഈ മാസം അഞ്ചിനാണ്. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞുവരുന്നതാണ് കാണുന്നത്.
വലിയ ഇടിവുണ്ടെന്ന് പറയാന്‍ സാധിക്കില്ല എങ്കിലും നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ സ്വര്‍ണവില പവന് 44640 രൂപയാണ്. റെക്കോര്‍ഡ് വിലയില്‍ നിന്ന് 360 രൂപയുടെ കറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നാളെ ഞായറാഴ്ചയായതിനാല്‍ ഈ വില തുടര്‍ന്നേക്കും. തിങ്കളാഴ്ചയാണ് മാറ്റത്തിന് സാധ്യത. വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ അത്ര പ്രതീക്ഷയ്ക്ക് വകയുള്ളതല്ല.

സ്വര്‍ണവില ഉയരാന്‍ തന്നെയാണ് വിപണിയിലെ ട്രെന്‍ഡ് എന്ന് വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ഇന്‍ഡക്‌സ് രണ്ടു മാസത്തെ ഏറ്റവും താഴ്ചയിലാണ്. അതുകൊണ്ടുതന്നെ ഇത് സ്വര്‍ണത്തെ നേരിട്ട് ബാധിക്കും. ഡോളര്‍ ഇടിയുന്ന വേളയില്‍ സ്വര്‍ണം വില കൂടുക എന്നത് സ്വാഭാവിക നടപടിയാണ്. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളെല്ലാം ശക്തിപ്രാപിച്ച് തന്നെ നില്‍ക്കുന്നു.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. പണപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫെഡറല്‍ റിസര്‍വിന്റെ നീക്കം. എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക ഡാറ്റ വളരെ മോശമായ അവസ്ഥയിലാണ്. 41 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അമേരിക്ക നേരിടുന്നത്. അതുകൊണ്ടുതന്നെ അടുത്ത തവണ ഇനി പലിശ നിരക്ക് ഉയര്‍ത്തിയേക്കില്ലെന്നും പറയപ്പെടുന്നു.
എണ്ണവില കൂടുന്നതാണ് വിപണിയില്‍ നിന്നുള്ള മറ്റൊരു വെല്ലുവിളി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ശ്രമങ്ങള്‍ പൊളിച്ചുകൊണ്ടാണ് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്. ഇതോടെ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയിലാണ് വിപണി. ഈ സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണം കൈവിടാന്‍ സാധ്യതയില്ല. സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. ഇതോടെ വില കൂടിയേക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സ്വര്‍ണവില കൂടുന്നതിന് അനിയോജ്യമായ എല്ലാ ഘടകങ്ങളും വിപണിയില്‍ നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. ഇപ്പോഴുള്ള സ്വര്‍ണവിലയിലെ ഇടിവ് വരും ദിവസങ്ങളിലും തുടരുമെന്ന് പറയാനുമാകില്ല. ചാഞ്ചാട്ടമുണ്ടാകുമെങ്കിലും വലിയ വിലക്കുറവ് വരില്ല. ഇന്നത്തെ വില ഈ സാഹചര്യത്തില്‍ ആശ്വാസമാണ് എന്ന് പറയാം.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമാണ് സ്വര്‍ണവില കേരളത്തില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. മാര്‍ച്ചിലും വില കുത്തനെ ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 44000 ആയിരുന്നു ഒരു പവന്റെ വില. ഒരു വേള 43760ലേക്ക് കുറഞ്ഞ് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് കുതിച്ചുയരുന്നതാണ് കണ്ടത്. 45000 എന്ന റെക്കോര്‍ഡ് തൊട്ട ശേഷമാണ് അല്‍പ്പം വില ഇറങ്ങി നില്‍ക്കുന്നത്. വിപണിയിലെ പ്രവചനം അസാധ്യമായ അവസ്ഥയിലാണ്.












Click it and Unblock the Notifications