തിരുവോണ നാളില്‍ സ്വര്‍ണവില കൂടി; പുതിയ റെക്കോര്‍ഡിലേക്കോ? ഇന്നത്തെ വില അറിയാം
കൊച്ചി: അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. തിരുവോണ നാളിലെ സ്വര്‍ണവിലയിലെ കയറ്റം ഉപഭോക്താക്കള്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. മാസങ്ങള്‍ക്കിടയിലെ വളരെ കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം നേരിയ തോതില്‍ മുന്നേറുന്നതാണ് പുതിയ കാഴ്ച. ഇത് റെക്കോര്‍ഡ് വിലയിലേക്ക് എത്തുമോ എന്ന സംശയവുമുണ്ട്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് 17നായിരുന്നു. ഒരു പവന് 43280 രൂപയായിരുന്നു അന്ന് നല്‍കേണ്ടിയിരുന്നത്. പിന്നീട് അഞ്ച് ദിവസം ഈ വില തുടരുകയും ചെയ്തു. ശേഷം നേരിയ തോതില്‍ വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വരെ 43600 രൂപയായിരുന്നെങ്കില്‍ ഇന്ന് വര്‍ധിച്ചു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില 43760 രൂപയാണ്. 160 രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. ഗ്രാമിന് നല്‍കേണ്ട തുക 5470 രൂപയാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതുകൊണ്ടല്ല വില ഉയര്‍ന്നതെന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ മാറ്റമാണ് ഇതിന് കാരണം. രൂപയുടെ മൂല്യത്തിലും ഡോളറിന്റെ മൂല്യത്തിലും മാറ്റമുണ്ടായിട്ടുണ്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 എന്ന നിരക്കിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് 82.55 വരെ എത്തിയിരുന്നു. രൂപയുടെ കരുത്ത് ചോരുന്നത് സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാകും. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ ഇടിവ് സംഭവിച്ചു. 103.89 എന്ന നിരക്കിലാണ് ഇന്‍ഡക്‌സ്. കഴിഞ്ഞ ദിവസം 104ന് മുകളിലെത്തിയ ശേഷമാണ് മൂല്യം ഇടിഞ്ഞത്. ഇത് സ്വര്‍ണവില കൂടാന്‍ കാരണമായി.
എണ്ണവിലയില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധവന് ഉണ്ടായിട്ടില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.38 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. അതേസമയം, വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. വില വര്‍ധിപ്പിക്കാന്‍ സൗദി പുതിയ തന്ത്രങ്ങള്‍ മെനയുന്നു എന്നാണ് വാര്‍ത്തകള്‍.
ആഗസ്റ്റിലെ ഉല്‍പ്പാദന അളവില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. മൂന്ന് ലക്ഷം ബാരല്‍ കുറയ്ക്കാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിപണിയിലെത്തുന്നത് കുറഞ്ഞാല്‍ വില കൂടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വലിയ വില വര്‍ധനവുണ്ടായില്ല. ഈ സാഹചര്യത്തില്‍ സെപ്തംബറിലും 10 ലക്ഷം ബാരല്‍ കുറയ്ക്കുന്ന നടപടി സൗദി തുടര്‍ന്നേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
എണ്ണവിലയിലുണ്ടാകുന്ന മാറ്റം ഇന്ത്യന്‍ വിപണിയെ നേരിട്ട് ബാധിക്കും. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സൗദിയും റഷ്യയും വില കൂട്ടാനുള്ള നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മറുതന്ത്രം പയറ്റുന്നുണ്ട്. യുഎഇ, ഇറാഖ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നു എന്നാണ് രേഖകള്‍.












Click it and Unblock the Notifications