ആശ്വാസ ദിനങ്ങള്‍ തീര്‍ന്നു; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആശ്വാസത്തിന്റേതായിരുന്നു. ഓരോ ദിവസവും വില കുറഞ്ഞുവരുന്നതായിരുന്നു കാഴ്ച. സര്‍വകാല റെക്കോര്‍ഡായ 45760ല്‍ നിന്ന് വില 44360 രൂപ വരെ എത്തി. 1400 രൂപയുടെ കുറവാണ് മൂന്നാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് എല്ലാം മാറി. ജൂണ്‍ മാസം വിലക്കയറ്റത്തിന്റേതാകുമോ എന്ന ആശങ്കയാണിപ്പോള്‍.
മെയ് മാസം തുടങ്ങുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44560 രൂപയായിരുന്നു. മെയ് അഞ്ചിനാണ് സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക് എത്തിയത്. പിന്നീട് വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. ശേഷം ഘട്ടങ്ങളായി ഇടിഞ്ഞ് ചൊവ്വാഴ്ച വില 44360 രൂപയിലേക്ക് എത്തി. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്. എന്നാല്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. പവന് 44680 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 320 രൂപയുടെ വര്‍ധനവാണ്. സ്വര്‍ണം ഗ്രാമിന് 5585 രൂപ നല്‍കണം. കഴിഞ്ഞ ദിവസങ്ങളില്‍ വരെ വിപണിയില്‍ സ്വര്‍ണവില കുറയുമെന്ന സൂചനയായിരുന്നു. എന്നാല്‍ ചില അശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധനവില്ല. അമേരിക്കയില്‍ കടമെടുക്കല്‍ പരിധി സംബന്ധിച്ച വോട്ടെടുപ്പ് കോണ്‍ഗ്രസില്‍ നടക്കാനിരിക്കുകയാണ്. മാത്രമല്ല, പലിശ നിരക്കില്‍ ഫെഡ് റിസര്‍വ് തീരുമാനം വൈകാതെ വരികയും ചെയ്യും.
അതേസമയം, എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടാകാനുള്ള സാധ്യത സ്വര്‍ണത്തിന് ഭീഷണിയായി നിലനില്‍ക്കുന്നത്. സൗദി അറേബ്യയും റഷ്യയും ഇക്കാര്യത്തില്‍ ഐക്യത്തിലെത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവില നിശ്ചയിക്കുന്ന പ്രധാന രണ്ടു രാജ്യങ്ങളാണ് സൗദിയും റഷ്യയും. ഇവരുടെ തീരുമാനം അടിസ്ഥാനമാക്കിയാണ് വിപണി വില നിശ്ചയിക്കുക. എത്രത്തോളം എണ്ണ ഉല്‍പ്പാദിപ്പിക്കണം എന്ന് തീരുമാനിക്കുന്ന പ്രധാന രാജ്യങ്ങള്‍ ഇവരാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവില ഉയരാനുള്ള ഒരു കാരണമാണ്. ഡോളറിനെതിരെ 82.71 എന്ന നിരക്കിലാണ് രൂപ. രൂപ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് വലിയ വില കൊടുക്കേണ്ട സാഹചര്യം വരും. ഇതാണ് സ്വര്‍ണത്തിന് വരും ദിവസങ്ങളില്‍ വില വര്‍ധനവുണ്ടാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഒരു ഘടകം. രൂപയുടെ മൂല്യം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications