കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു; മറ്റു സംസ്ഥാനങ്ങളില്‍ കുറഞ്ഞു, ചാഞ്ചാടി സ്വര്‍ണം
കൊച്ചി: ഉപഭോക്താക്കളെ ആശങ്കയിലാക്കി വിലയില്‍ ഏറ്റക്കുറച്ചിലുമായി സ്വര്‍ണം. കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടി. എന്നാല്‍ ദേശീയ തലത്തില്‍ വില കുറഞ്ഞു. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഡോളര്‍ കരുത്താര്‍ജിക്കുകയും രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് വരികയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 43320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപ നല്‍കണം. കഴിഞ്ഞ ദിവസം ഒരു പവന് 43240 രൂപയായിരുന്നു. 80 രൂപയുടെ വര്‍ധനവ് മാത്രമാണ് ഇന്നുണ്ടായിരിക്കുന്നത്. ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് തിങ്കളാഴ്ചത്തേത്. അതേസമയം, വരും ദിവസങ്ങളില്‍ വില കുറഞ്ഞേക്കുമെന്നാണ് നിരീക്ഷണം.

ദേശീയതലത്തില്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്തത്. 24 ക്യാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 110 രൂപ താഴ്ന്ന് 58960 രൂപയായി. അതേസമയം, 22 ക്യാരറ്റ് സ്വര്‍ണത്തിന് 100 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 22 ക്യാരറ്റിലുള്ള 10 ഗ്രാം സ്വര്‍ണത്തിന് 54050 രൂപയാണ് വില. വെള്ളി കിലോയ്ക്ക് 71900 രൂപയില്‍ തുടരുകയാണ്.
അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. 103 ആണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണവില കുറയും. ഇതുതന്നെയാണ് ഇന്ത്യന്‍ ദേശീയ വിപണിയില്‍ പ്രതിഫലിച്ചതും. എന്നാല്‍ കേരള വിപണിയില്‍ വര്‍ധിക്കുകയാണ് ചെയ്തത്. വരുംദിവസം വില ക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ 81.80 ലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരമെങ്കില്‍ ഇന്ന് 81.94 ആയിട്ടുണ്ട്. രൂപയുടെ മൂല്യം കൂടുന്നത് ആഭ്യന്തര വിപണിയില്‍ നേട്ടമാണ്. എന്നാല്‍ പ്രവാസികള്‍ക്ക് അത്ര ഗുണകരമാകില്ല. സ്വര്‍ണത്തിന്റെയും കറന്‍സികളുടെയും മൂല്യത്തില്‍ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.
അതേസമയം, എണ്ണവിലയിലെ മാറ്റം ആശങ്ക സൃഷ്ടിക്കുന്നു. ബ്രെന്‍ഡ് ക്രൂഡിന് 75.05 ഡോളര്‍ ആണ് രേഖപ്പെടുത്തുന്നത്. സൗദി അറേബ്യക്ക് പിന്നാലെ റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ തീരുമാനം വന്ന പിന്നാലെയാണ് വിപണിയില്‍ വില മാറിയത്. എണ്ണവില ഇനിയും വര്‍ധിച്ചാല്‍ ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കും.












Click it and Unblock the Notifications