ആദ്യദിനം സ്വര്‍ണവില കൂടി; ജൂലൈ 'ചതിക്കുമോ'... ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ ജൂണ്‍ മാസം ആശ്വാസത്തിന്റേതായിരുന്നു. വിലയില്‍ വലിയ കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. എന്നാല്‍ ജൂലൈയില്‍ എന്താണ് കാത്തിരിക്കുന്നത്? വില കുറയുമോ അതോ കൂടുമോ... സ്വര്‍ണ ഉപഭോക്താക്കളുടെ ഈ ചോദ്യത്തിന് സന്തോഷം നല്‍കുന്ന മറുപടിയല്ല ഇന്ന്. സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി.
ജൂണ്‍ 30ന് രേഖപ്പെടുത്തിയ സ്വര്‍ണവില പവന് 43160 രൂപയായിരുന്നു. ഏറിയും കുറഞ്ഞും നിന്നെങ്കിലും വിലയില്‍ വലിയ മാറ്റമാണ് ജൂണ്‍ മാസത്തിലുണ്ടായത്. എന്നാല്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണവിലയെ ബാധിച്ചത്. കേരളത്തില്‍ സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ചു. മാത്രമല്ല, ഡോളര്‍ ഇന്‍ഡക്‌സിലും ഇടിവുണ്ടായി.

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 43320 രൂപയാണ്. 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 5415 രൂപ നല്‍കണം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. കാരണം സ്വര്‍ണവിലയില്‍ തിരിച്ചടി നല്‍കുന്ന രണ്ടു ഘടകങ്ങളും സംഭവിച്ചിരിക്കുന്നു. ഡോളര്‍ മൂല്യമിടിഞ്ഞു. രൂപയും മൂല്യം താഴ്ന്നു. യുഎഇയില്‍ കേരളത്തിലേക്കാള്‍ സ്വര്‍ണവില 4000ത്തോളം രൂപ കുറയും.
102.92 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തുന്നത്. 0.42 ശതമാനം ഇടിവാണ് സംഭവിച്ചത്. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 82.10 എന്ന നിരക്കിലാണ്. രൂപ വീണ്ടും 82 പിന്നിട്ടത് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കും. അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരാനാണ് സാധ്യത. രൂപയും ഡോളറും കരുത്താര്‍ജിച്ചാലേ സ്വര്‍ണവില കുറയൂ.
ഡോളറുമായി മല്‍സരിക്കുന്ന ആറ് പ്രധാന കറന്‍സികള്‍ക്ക് മൂല്യം കൂടിയിട്ടുണ്ട്. ആ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് പുതിയ വിപണി സാഹചര്യം. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ സ്വര്‍ണത്തിന് നല്‍കേണ്ട തുക കൂടുകയും ചെയ്യും. 43320 രൂപയാണ് ഒരു പവന് രേഖപ്പെടുത്തുന്നതെങ്കിലും ഈ വിലയ്ക്ക് ഒരു പവന്റെ ആഭരണം വാങ്ങാനാകില്ല.
പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് നിരക്ക് എന്നിവ കൂടി ആഭരണം വാങ്ങുന്നവര്‍ നല്‍കണം. ഒരു പവനില്‍ ചുരുങ്ങിയത് 4000 രൂപ വരെ വര്‍ധിക്കാന്‍ ഇതിടയാക്കും. ഹാള്‍മാര്‍ക്കിങ് ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധമായിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയ ഇളവ് ജൂണ്‍ 30ഓടെ അവസാനിച്ചു. ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത ആഭരണങ്ങള്‍ ഇനി ജ്വല്ലറികളില്‍ വില്‍ക്കാനാകില്ല. ഉപഭോക്താക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.












Click it and Unblock the Notifications