സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമുള്ള വാര്‍ത്തയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം എത്തി. ആഗോള വിപണിയിലെ മാറ്റത്തിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നു എന്നാണ് പുതിയ വിവരം. ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചാല്‍ ഇനിയും സ്വര്‍ണവിലയില്‍ ഇടിവ് വരും.
അതേസമയം, ആശങ്കപ്പെടുത്തുന്ന കാര്യം എണ്ണവിലയിലെ വര്‍ധനവാണ്. ഇന്ത്യന്‍ രൂപ കരുത്ത് പ്രകടിപ്പിച്ചത് നേരിയ ആശ്വാസം നല്‍കുന്നു. ഈ മാസം ഒന്നിന് സ്വര്‍ണവില പവന് 44040 രൂപയായിരുന്നു. പിന്നീട് 44240 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഇതാണ്. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞുവരികയാണ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43880 രൂപയാണ്. 120 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 44000 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 5485 രൂപയാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിവരം. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇതിന് കാരണം. എങ്ങനെയാണ് ഡോളറിലെ മാറ്റം സ്വര്‍ണത്തില്‍ പ്രതിഫലിക്കുക എന്ന് പറയാം.
ലോകത്തിലെ പ്രധാന കറന്‍സികള്‍ക്കിടയിലെ മൂല്യത്തിലുണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയെ ബാധിക്കുക. സ്വര്‍ണം ആസ്തിയായി എല്ലാ രാജ്യങ്ങളും ശേഖരിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ യൂറോ, പൗണ്ട്, യെന്‍ ഉള്‍പ്പെടെയുള്ള പ്രധാന ആറ് കറന്‍സികളുടെ മൂല്യം വര്‍ധിക്കും. ഈ വേളയില്‍ ഇത്തരം കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായി വിലയേറും.
അതേ സമയം, ഡോളര്‍ മൂല്യം കൂടുന്ന ഘട്ടത്തില്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും. ഈ വേളയില്‍ ആവശ്യക്കാര്‍ കുറയുന്നതോടെ സ്വര്‍ണവില താഴും. സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ ഒരു ഘടകം മാത്രമാണിത്. അതേസമയം, സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ് എന്ന് പറയാം. സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്.
ഡോളര്‍ ഇന്‍ഡക്‌സ് ഏറെ നാള്‍ക്ക് ശേഷം 105ന് മുകളിലെത്തിയിരിക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ട് 83.12ലെത്തി. അതേസമയം, എണ്ണവിലയാണ് വെല്ലുവിളിയായി തുടരുന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്ന് രേഖപ്പെടുത്തുന്നത് 90.65 ഡോളറാണ്. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കുറക്കില്ലെന്ന് സൗദി അറേബ്യ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 43880 രൂപ. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും കൂടി വേണ്ടി വരും. ഈ തുക ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 47500 രൂപ വരെ എത്തിയേക്കും. അതേസമയം, വില കുറയുന്ന ഘട്ടത്തില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് ഗുണകരമാകും.












Click it and Unblock the Notifications