സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തന്നെ; ഇനിയും ഇടിയുമെന്ന് സൂചന... ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. പ്രധാനമായും രണ്ട് കാര്യങ്ങളാണ് വിപണി നിരീക്ഷകര്‍ ഈ നിഗമനത്തിലെത്താന്‍ കാരണം. സ്വര്‍ണം വില്‍ക്കാന്‍ ആലോചിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്.
സ്വര്‍ണത്തിലുണ്ടായിരുന്ന വന്‍ ഇടിവ് സ്ഥായിയാകണം എന്നില്ല. എങ്കിലും നിലവില്‍ വില കുറയുന്നതാണ് ട്രെന്‍ഡ്. സെപ്തംബര്‍ അവസാന വാരം ആരംഭിച്ച വിലയിടിവ് ഒക്ടോബറിലും തുടരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് 45000 വരെ എത്തിയിരുന്ന സ്വര്‍ണവിലയാണ് 42000ത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ ജ്വല്ലറികളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഒക്ടോബര്‍ ഒന്നിന് പവന്‍ വില 42680 രൂപയായിരുന്നു. രണ്ടാം തിയ്യതി 42560 രൂപയായി. മൂന്നിന് വലിയ ഇടിവ് വന്നതോടെ പവന്‍വില 42080 രൂപ എന്ന നിരക്കിലെത്തി. ഇന്നും ഈ വില തുടരുകയാണ്. ആറ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലക്കുറവാണിപ്പോള്‍. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5260 രൂപയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വില കുറയുന്നത് എന്നറിയാമോ...
സ്വര്‍ണവില ഇടിയുന്നതിന് പ്രധാനമായും രണ്ട് കാരണമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഒരു കാരണം. മറ്റൊന്ന് എണ്ണവിലയിലെ ഇടിവാണ്. അതേസമയം, ആഗോള വിപണിയില്‍ മാറ്റമുണ്ടായാല്‍ സ്വര്‍ണവിലയിലും പ്രതിഫലിക്കും. ഡോളര്‍ ഇന്‍ഡക്‌സ് 107.13ലാണുള്ളത്. ഇത്രയും ഉയരുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്.
ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റു പ്രബല കറന്‍സികളുടെ മൂല്യം ഇടിയും. ഇവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് പ്രയാസമാകുകയും ചെയ്യും. ഇതോടെ ആവശ്യക്കാര്‍ കുറയുകയും സ്വര്‍ണവില ഇടിയുകയും ചെയ്യും. അതേസമയം, ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കും. ഇതോടെ വില കുത്തനെ ഉയരാനും തുടങ്ങും.
എണ്ണവിലയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90.81 ഡോളര്‍ എന്ന നിരക്കിലാണിപ്പോള്‍. അടുത്തിടെ എണ്ണ വില 96 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീടാണ് ഇടിയാന്‍ തുടങ്ങിയത്. സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് പുതിയ വിവരം.
രൂപയുടെ മൂല്യം ഡോളറിനെതിരെ 83.36 എന്ന നിരക്കിലാണ്. ചൊവ്വാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല. അതേസമയം, സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സന്തോഷത്തിലാണ്. വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ വേളയില്‍ അഡ്വാന്‍സ് ബുക്കില്‍ വര്‍ധിച്ചുവെന്ന് തിരൂരിലെ വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications