സ്വര്‍ണവില കുറഞ്ഞേക്കും; മൂന്നാം ദിനവും അനങ്ങാതെ വില, ഇന്നത്തെ നിലവാരം അറിയാം
കൊച്ചി: സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ കുറവ് വന്നേക്കാന്‍ സാധ്യത. ആഗോള വിപണിയിലെ സാഹചര്യം വിലയിരുത്തിയാണ് ഈ നിഗമനം. ഡോളര്‍ ഇന്‍ഡക്‌സില്‍ മുന്നേറ്റം പ്രകടമാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നതിലേക്ക് ഇത് നയിച്ചേക്കും. അതേസമയം, കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ല.
മൂന്നാം ദിനമാണ് കേരളത്തില്‍ ഒരേ വില തുടരുന്നത്. ശനിയാഴ്ച നേരിയ വര്‍ധനവ് പ്രകടിപ്പിച്ചിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായാല്‍ കേരള വിപണിയിലും വരുംദിവസങ്ങളില്‍ മാറ്റം പ്രകടമാകും. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റില്‍ സ്വര്‍ണവില കുറവാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 43720 രൂപയാണ്. ഗ്രാമിന് 5465 രൂപയും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44320 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി ഇടിയുകയാണ് ചെയ്തത്. ഇനിയും ഇടിഞ്ഞേക്കുമെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്. ഓണം സീസണില്‍ സ്വര്‍ണവില കുറഞ്ഞാല്‍ മലയാളികള്‍ക്ക് വലിയ നേട്ടമാകും.
ഡോളര്‍ ഇന്‍ഡക്‌സ് 103ലെത്തിയിരിക്കുന്നു. ഏറെ കാലത്തിന് ശേഷമാണ് ഇന്‍ഡക്‌സിലെ ഈ ഉയര്‍ച്ച. ഡോളര്‍ മുന്നേറുമ്പോള്‍ ഡോളറുമായി കിടമല്‍സരം നടത്തുന്ന യൂറോ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന ആറ് കറന്‍സികള്‍ക്ക് മൂല്യം കുറയും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാകും. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വരും.
ഡോളറും സ്വര്‍ണവും വിപരീത ദിശയിലാണ് സഞ്ചരിക്കുക. ഒന്നിന് മൂല്യം കൂടിയാല്‍ മറ്റൊന്നിന് മൂല്യം കുറയും. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് തിരിച്ചടിയാണ്. ഡോളറിനെതിരെ 82.98 എന്ന നിരക്കിലാണ് രൂപ. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയച്ചാല്‍ കൂടുതല്‍ തുക ലഭിക്കുമെന്നതാണ് നേട്ടം.
എണ്ണവിലയിലെ മാറ്റമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. മാസങ്ങള്‍ക്ക് മുമ്പ് ബാരലിന് 75 ഡോളറുണ്ടായിരുന്ന എണ്ണവില ഇപ്പോള്‍ 86 ഡോളറിലെത്തിയിരിക്കുന്നു. ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയും റഷ്യയും നടത്തിവരികയാണ്. ബാരലിന് 100 ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണ് എണ്ണരാജ്യങ്ങള്‍ ഒരുക്കുന്നത്.
സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ കുറവ് വരുത്താന്‍ ഉപഭോക്താക്കള്‍ ശ്രമിക്കാറുണ്ട്. വിലപേശി പണിക്കൂലി കുറയ്ക്കാന്‍ സാധിക്കും. അതേസമയം, സ്വര്‍ണത്തിന്റെ വിലയും ജിഎസ്ടിയും എല്ലാ ജ്വല്ലറികളിലും തുല്യമാണ്. ചില ജ്വല്ലറികളില്‍ പണിക്കൂലി മൂന്ന് ശതമാനം മുതല്‍ ആരംഭിക്കുന്നുണ്ട്. ഡിസൈന്‍ കൂടിയാല്‍ പണിക്കൂലിയില്‍ വര്‍ധനവുണ്ടാകും.












Click it and Unblock the Notifications