നാലു ദിവസത്തിനിടെ 1000 രൂപ കൂടി; സ്വര്‍ണവില കുതിക്കുന്നു... ഇന്നത്തെ വില അറിയാം
കൊച്ചി: വലിയ ഇടിവ് തുടര്‍ന്ന സ്വര്‍ണവില തിരിച്ചുകയറുന്നു. നാല് പ്രവര്‍ത്തി ദിവസത്തിനിടെ ഒരു പവന്റെ വില ഉയര്‍ന്നത് 1000 രൂപ. ഇന്നും സ്വര്‍ണവില വര്‍ധിച്ചു. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. പശ്ചിമേഷ്യയില്‍ യുദ്ധം നടക്കുന്നതിനാല്‍ വിലയില്‍ ഇടിവ് പ്രതീക്ഷിക്കേണ്ടെന്ന് വ്യാപാരികളും പറയുന്നു.
സെപ്തംബര്‍ അവസാന വാരം സ്വര്‍ണവിലയില്‍ വലിയ ഇടിവ് വരികയാണ് ചെയ്തത്. ഈ മാസം അഞ്ച് വരെ ഇടിവ് തുടര്‍ന്നെങ്കിലും പിന്നീട് കുതിച്ചു. ഇതിനകം തന്നെ സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യാന്‍ വലിയ തിരക്കുണ്ടായിരുന്നുവെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ പറഞ്ഞു. ഈ മാസം ആറിന് ശേഷം വില കുതിക്കാന്‍ തുടങ്ങി. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 42920 രൂപയാണ്. തിങ്കളാഴ്ച 42680 രൂപയായിരുന്നു. ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 5365 രൂപ നല്‍കണം. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ഈ മാസം അഞ്ചിന് ഒരു പവന് 41920 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 രൂപ വര്‍ധിച്ചുവെന്ന് ചുരുക്കം.
പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യത കാണുന്നില്ല. ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നും ആവര്‍ത്തിച്ചു. അമേരിക്ക കൂടുതല്‍ ആയുധങ്ങള്‍ നല്‍കി ഇസ്രായേലിനെ സഹായിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിപണിയില്‍ ആശങ്ക തുടരാന്‍ തന്നെയാണ് സാധ്യത.
വിപണിയില്‍ ആശങ്ക വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണവില ഉയരാന്‍ ഇതു കാരണമാകും. മാത്രമല്ല, ഡോളറിന്റെ മൂല്യത്തില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് 107ല്‍ നിന്ന് 106ലേക്ക് താഴ്ന്നു. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണമാണ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കൂട്ടില്ലെന്ന സൂചന ലഭിച്ചതും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയിലാണ് സ്വര്‍ണവില വലിയ തോതില്‍ വര്‍ധിച്ചത്. ഇക്കാര്യത്തില്‍ അല്‍പ്പം ശമനമുണ്ടായിരിക്കെയാണ് പശ്ചിമേഷ്യയിലെ യുദ്ധം. എണ്ണവില കുതിച്ചുയരാന്‍ ഇത് കാരണമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓഹരി വിപണി ഉള്‍പ്പെടെ ലോകത്തെ പ്രധാന ഓഹരി വിപണികളിളെല്ലാം നെഗറ്റീവിലേക്ക് വീഴുകയാണ്. ഇതും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിച്ചേക്കും.
ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട തുകയാണ് 42920 രൂപ. ഈ വിലയ്ക്ക് ആഭരണം ലഭിക്കില്ല. പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി ഇതോടൊപ്പം നല്‍കേണ്ടി വരും. ചുരുങ്ങിയത് ഒരു പവന്റെ പണത്തിനൊപ്പം 3000 രൂപ കൂടി അധികം നല്‍കേണ്ടി വരും. അതുകൊണ്ടുതന്നെ ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കണമെങ്കില്‍ 46000 രൂപ ചെലവാകും.












Click it and Unblock the Notifications