സ്വര്‍ണവില പൊടുന്നനെ മാറുന്നു; ഉപഭോക്താക്കളെ ആശങ്കലാക്കി മഞ്ഞലോഹം, ഇന്നത്തെ നിലവാരം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പൊടുന്നനെ ഓരോ ദിവസവും സംഭവിക്കുന്ന മാറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. വരുംദിവസങ്ങളില്‍ കൂടുമോ വില കുറയുമോ എന്നത് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇന്ന് ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര ഘടകങ്ങളാണ് വിലയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണം.
ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മൂന്നാം തിയ്യതിയായിരുന്നു. ഒരു പവന് 43240 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കൂടി വില രേഖപ്പെടുത്തിയ 20ന് നല്‍കേണ്ടി വന്നത് 44560 രൂപയും. എല്ലാ ദിവസവും രാവിലെയാണ് സ്വര്‍ണവില ജ്വല്ലറി വ്യാപാരികള്‍ നിശ്ചയിക്കുക. അപൂര്‍വം ചില ദിവസങ്ങളില്‍ മാത്രം രണ്ട് തവണ വിലയില്‍ മാറ്റം വരാറുണ്ട്.

ഈ മാസം 25ന് 44000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടി വന്നത്. തൊട്ടടുത്ത ദിവസം 120 രൂപ കൂടി. ശേഷം 240 രൂപ വര്‍ധിച്ചു. വെള്ളിയാഴ്ച 280 രൂപ കുറയുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് മറിച്ചാണ്. 200 രൂപ വര്‍ധിച്ച് ഒരു പവന് 44280 രൂപയായി. ഗ്രാമിന് 5553 രൂപ നല്‍കണം. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
ഡോളര്‍ ഇന്‍ഡക്‌സ് നിലവില്‍ മൈനസിലാണ്. 101.70 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ആഴ്ചകള്‍ക്ക് മുമ്പ് 104 എന്ന നിരക്കിലായിരുന്നു. ഡോളര്‍ മൂല്യം കൂടിയാല്‍ മാത്രമേ സ്വര്‍ണവില കുറയൂ. ഡോളറിനെ കരുത്തുറ്റതാക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ശ്രമം നടത്തുന്നുണ്ട്. പലിശ നിരക്കില്‍ മാറ്റം വരുത്തിയത് ഈ ലക്ഷ്യത്തോടെയാണ്.
കഴിഞ്ഞ ദിവസം പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. സ്ഥിര നിക്ഷേപത്തിലേക്കും മറ്റും നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. നേരിയ മുന്നേറ്റം മാത്രമാണ് ഡോളറിന് ഉണ്ടായത്. എങ്കിലും ഇപ്പോഴും മൈനസില്‍ തുടരുകയാണ്. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 82.26 എന്ന നിരക്കിലാണ്.
രൂപയുടെ മൂല്യം വര്‍ധിച്ചാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയും. ദുബായില്‍ കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് നേരിയ വര്‍ധവന് വന്നുവെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കേരളത്തില്‍ വെള്ളിയാഴ്ച ഇടിയുകയും ഇന്ന് ഉയരുകയും ചെയ്തു. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ആഭരണപ്രേമികളെ ആശങ്കയിലാക്കുന്നുണ്ട്. വില പേശി പണിക്കൂലിയില്‍ കുറവ് വരുത്താന്‍ സാധിക്കുന്ന ഉപഭോക്താക്കള്‍ക്ക് നേട്ടമാകും.












Click it and Unblock the Notifications