സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഈ പോക്ക് റെക്കോര്‍ഡിലേക്ക്, ഇന്നത്തെ നിലവാരം അറിയാം
കൊച്ചി: സ്വര്‍ണത്തോടുള്ള ഭ്രമം ഒഴിവാക്കാന്‍ സമയമായി എന്ന് ശരാശരി മലയാളിയെ ഓര്‍മിപ്പിക്കുകയാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍. എന്തിനും ഏതിനും സ്വര്‍ണത്തെ ആഘോഷത്തോട് ചേര്‍ക്കുമ്പോള്‍ പോക്കറ്റ് കാലിയാകുമെന്ന് മാത്രമല്ല കടക്കാരനാകാനും സാധ്യത ഏറെയാണ്. സ്വര്‍ണവില ഓരോ ദിവസവും ഉയരുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ മാസം സ്വര്‍ണത്തിന്റെ പവന്‍ വില 44000 രൂപയില്‍ ആയിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ സ്വര്‍ണവില 45000ത്തിലാണ് ചാഞ്ചാടുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത മാസം 46000ത്തിലാകുമെന്ന് അനുമാനിക്കാം. മെയ് ഒന്നിന് 44560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 10 ദിവസം പിന്നിടുമ്പോള്‍ ആയിരം രൂപ വര്‍ധിച്ചിരിക്കുകയാണ്.

ഇന്ന് സ്വര്‍ണം ഒരു പവന് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വില 45560 രൂപയാണ്. കഴിഞ്ഞ ദിവസം 45360 രൂപയായിരുന്നു. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഓരോ ദിവസവും നേരിയ തോതിലുള്ള വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നതാണ്. ഈ മാസം പത്ത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ 1000 രൂപ വര്‍ധിച്ചു. അതായത് ദിവസം നൂറ് രൂപയാണ് ശരാശരി കൂടിയത്.
കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5695 രൂപയാണ്. ഈ മാസം അഞ്ചിനാണ് സര്‍വകാല റെക്കോര്‍ഡ് വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒരു പവന് 45760 രൂപയായിരുന്നു അന്ന്. അതായത് ഇന്നത്തെ വിലയേക്കാള്‍ 200 രൂപ മാത്രം അധികം. നിലവിലെ സാഹചര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിക്കാന്‍ അധികം ദിവസം വേണ്ടി വരില്ലെന്ന് കരുതാം.
ആഗോള തലത്തില്‍ സ്വര്‍ണത്തിന് ഇന്ന് കാര്യമായ വര്‍ധനവുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നേരിയ ആശ്വാസം നല്‍കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വലിയ മാറ്റം വരുത്താനിടയില്ല എന്നാണ് കരുതുന്നത്.
ആഗോള തലത്തില്‍ വിലയില്‍ വലിയ മാറ്റം വന്നില്ലെങ്കിലും കേരളത്തില്‍ വര്‍ധിച്ചു. നിലവില്‍ രേഖപ്പെടുത്തുന്ന വിലയേക്കാള്‍ 4000 രൂപയോളം അധികം നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ സാധിക്കൂ. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് നിരക്ക് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. വിവാഹ ആഘോഷത്തിലേക്ക് നീങ്ങുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഈ സമയം.
സാധാരണ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണമാണ് പ്രിയം. വില കൂടിയ സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ അല്‍പ്പം കുറവുണ്ടാകും. എന്നാല്‍ കാഴ്ച്ചയ്ക്ക് വലിയ മാറ്റമുണ്ടാകുകയുമില്ല. ഗോള്‍ഡ് കോയിന്‍ വാങ്ങി സൂക്ഷിക്കുന്നവരും ഏറിയിട്ടുണ്ട്. വില കൂടുമെന്ന് ഉറപ്പുള്ളതിനാല്‍ ഭാവില്‍ ലാഭം കൊയ്യാമെന്ന് അവര്‍ കരുതുന്നു.












Click it and Unblock the Notifications