സ്വര്‍ണം ഇന്നും വില കൂടി; ചുറ്റിയടിച്ച് തിരിച്ചെത്തുന്ന ഗ്രാഫ്... ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ട്രെന്‍ഡ് മാറുന്നു. ഇടക്കാലത്ത് വലിയ തോതില്‍ കുറഞ്ഞ വില തിരിച്ചുകയറുകയാണ്. വ്യാഴാഴ്ചയും വില വര്‍ധിക്കുന്നതാണ് കണ്ടത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാല്‍ 520 രൂപയുടെ വര്‍ധനവ് ഒരു പവന്മേലുണ്ടായി. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വിവരം.
ഈ മാസം മൊത്തത്തില്‍ വിലയിലെ മാറ്റം വിലയിരുത്തിയാല്‍ പ്രകടമായ വിലക്കുറവുണ്ടായിട്ടില്ല. കാരണം ആഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ വിലയും 31ന് രേഖപ്പെടുത്തിയ വിലയും കണക്കാക്കുമ്പോള്‍ 200 രൂപയുടെ മാത്രം കുറവാണുള്ളത്. ഇടക്കാലത്ത് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും പഴയ വിലയിലേക്ക് തിരിച്ചെത്തി എന്നതാണ് ചുരുക്കം.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 44120 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5515 രൂപയാണ്. ഒരു പവന്റെ ആഭരണം വാങ്ങുമ്പോള്‍ ഈ വില മതിയാകില്ല എന്നതും എടുത്തുപറയേണ്ടതാണ്.
എന്തുകൊണ്ടാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെയും സ്വര്‍ണാഭരണത്തിന്റെയും വില വ്യത്യസ്തമാകുന്നത്? സ്വര്‍ണവിലയാണ് ഓരോ ദിവസവും ജ്വല്ലറികള്‍ പരസ്യപ്പെടുത്തുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ മറ്റു ചില അധിക നിരക്കുകള്‍ കൂടി ഈടാക്കും. പണിക്കൂലിയാണ് ഇതില്‍ പ്രധാനം. പിന്നെ ജിഎസ്ടിയും. ഇവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 3500 രൂപയോളം അധികം നല്‍കേണ്ടി വന്നേക്കും.
സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നതില്‍ പ്രധാനം ആഗോള വിപണിയിലെ സാഹചര്യമാണ്. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റം വേഗത്തില്‍ വിപണിയില്‍ പ്രകടമാകും. ലോകത്തെ മിക്ക രാജ്യങ്ങളുമായും വ്യാപാര ബന്ധമുള്ള രാജ്യമാണ് അമേരിക്ക എന്നതുതന്നെ കാരണം. അമേരിക്കന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിപണിയിലെ സാഹചര്യം ആശങ്ക നിറഞ്ഞതാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണം. ലാഭം ഉറപ്പുള്ള നിക്ഷേപമാണിത്. കൂട്ടത്തോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞാല്‍ സ്വാഭാവികമായും വില ഉയരും. ഈ ഒരു ഘടകമാണ് നിലവില്‍ തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്ന കാര്യം.
ഡോളര്‍ ഇന്‍ഡക്‌സ് 103ല്‍ തുടരുകയാണ്. ഇന്‍ഡക്‌സില്‍ ഉയര്‍ച്ച സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ ഇന്ന് കരുത്താര്‍ജിച്ചു. ഡോളറിനെതിരെ 82.63 എന്ന നിരക്കിലാണ് രൂപ. എണ്ണവിലയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ബ്രെന്‍ഡ് ക്രൂഡ് ഒരു ബാരലിന് 85.85 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.












Click it and Unblock the Notifications