സ്വര്‍ണം വീണ്ടും റെക്കോര്‍ഡിലേക്ക്; സ്വര്‍ണവില കൂടി... ഇന്നത്തെ നിലവാരം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. ബുധനാഴ്ച ഏറിയും കുറഞ്ഞും വില രേഖപ്പെടുത്തിയ സ്വര്‍ണം വ്യാഴാഴ്ച വര്‍ധിക്കുകയാണ് ചെയ്തത്. വെള്ളിയാഴ്ചയും വില വര്‍ധിച്ചിരിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം.
അക്ഷയ തൃതീയ ആഘോഷം വരുന്നതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഹിന്ദു, ജൈന മതക്കാര്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ദിനമാണിത്. ഈ വേളയില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. വില കൂടുമെന്ന് വിപണി അവലോകനം നടത്തുന്നവര്‍ പറയുന്നത് ശരിവച്ചാണ് ഇന്നത്തെ വില.

കഴിഞ്ഞ തിങ്കളാഴ്ച കേരളത്തില്‍ പവന് 44760 രൂപയായിരുന്നു വില. ചൊവ്വാഴ്ച 44680 ആയി കുറഞ്ഞു. ബുധനാഴ്ച രാവിലെ 44840 രൂപയായി കൂടി. അന്നു തന്നെ ഉച്ചയ്ക്ക് ശേഷം 44520 രൂപയായി കുറഞ്ഞു. വ്യാഴാഴ്ച വില കൂടുകയാണ് ചെയ്തത്. 44680 രൂപയിലെത്തി. ഇന്ന് വില കൂടി 44840 രൂപയാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 5605 രൂപ നല്‍കണം.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 44840 രൂപ. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്റെ ആഭരണം കിട്ടില്ല. ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനത്തിന് മുകളില്‍ പണിക്കൂലി വരും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയ്ക്ക് 3 ശതമാനം നികുതി നല്‍കണം. കൂടാതെ 40 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ്ജും. കുറഞ്ഞത് 5000 രൂപയോളം പവന്മേല്‍ വര്‍ധിക്കുമെന്ന് ചുരുക്കം.
അതേസമയം, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) രാവിലെ വ്യാപാരം തുടങ്ങിയ വേളയില്‍ സ്വര്‍ണത്തിന് നിരക്ക് കുറഞ്ഞിട്ടുണ്ട്. നാമമാത്രമായ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. വെറും 0.10 ശതമാനം. വെള്ളിയിലും ഇതേ രീതിയില്‍ നേരിയ വിലക്കുറവുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണവിലയും പുറത്തുവന്നു...
ന്യൂഡല്‍ഹിയില്‍ 56000 രൂപ, മുംബൈയില്‍ 55850, കൊല്‍ക്കത്തയില്‍ 55850, ചെന്നൈയില്‍ 56500 രൂപ എന്നിങ്ങനെയാണ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. സ്വര്‍ണത്തിന് ഓരോ സംസ്ഥാനത്തും വില വ്യത്യസ്തമായിരിക്കും. നികുതികളിലെ വ്യത്യാസത്തിന് അനുസരിച്ചാകും മാറ്റം. ആഗോള വിപണിയിലെ ഇന്നത്തെ സ്വര്‍ണവില നിലവാരം അറിയാം...
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക ഡാറ്റ കരുത്തുറ്റതാണ് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ഡോളറിന് നേരിയ തോതില്‍ മൂല്യം വര്‍ധിച്ചു. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഒരുപക്ഷേ, പലിശ നിരക്ക് ഉയര്‍ത്തുന്നത് അടുത്ത മാസം മരവിപ്പിച്ചേക്കും എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications