സ്വര്‍ണവില ഉയരുന്നു; വരുംദിവസങ്ങളില്‍ മാറ്റത്തിന് സാധ്യത... ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് ഇന്നത്തെ വര്‍ധന. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിപണി നല്‍കുന്ന സൂചന. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് സ്വര്‍ണവിലയില്‍ ഇടിവിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് മാസത്തിലെ അവസാന വാരം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതാണ് കണ്ടത്. ഒരുവേള 43280 വരെ ഇടിഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ആഗസ്റ്റിലെ അവസാന ദിനം സ്വര്‍ണം പവന് 44000 പിന്നിട്ടു. ഇന്ന് പവന്മേല്‍ 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണിത്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44160 രൂപയാണ്. ഗ്രാമിന് 5520 രൂപയും. ഇന്നലെ 44040 രൂപയായിരുന്നു പവന്റെ വില. വരും ദിവസങ്ങളില്‍ നേരിയ കുറവ് വരാന്‍ സാധ്യതയുണ്ട്. ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിച്ചിരിക്കുകയാണ്. 104 കടന്നാണ് ഡോളര്‍ കുതിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഈ വര്‍ധന.
ഡോളറും സ്വര്‍ണവും വിപരീത ദിശയിലാണ് സഞ്ചരിക്കുക. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന് ചെലവേറും. അതുകൊണ്ടുതന്നെ വില്‍പ്പനയില്‍ ഇടിവ് വരും. അതേസമയം, ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറിച്ചാണ് സംഭവിക്കുക. ഈ വേളയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയും വില ഉയരുകയും ചെയ്യും.
രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് വന്നിട്ടുണ്ട്. ഡോളറിനെതിരെ 82.72 എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം 82.66 ആയിരുന്നു. അതേസമയം, എണ്ണ വില ഉയരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 88.55 ഡോളര്‍ ആണ് പുതിയ വില. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഉയര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്.
എണ്ണവില ഉയരുന്നത് വിപണിയിലെ സന്തുലിതാവസ്ഥ താളംതെറ്റിക്കും. അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമാകും. പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. ഇന്ത്യയുള്‍പ്പെടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടി സമ്മാനിക്കുക. ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ വിവിധ മേഖലകളില്‍ നിന്ന് എണ്ണ ഇറക്കാനുള്ള ചര്‍ച്ചയിലാണ് ഇന്ത്യ.












Click it and Unblock the Notifications