സ്വര്‍ണം ഇന്നുതന്നെ വാങ്ങാം; ഈ മാസത്തെ ഏറ്റവും വിലക്കുറവില്‍, ഇനിയും വില കുറഞ്ഞേക്കും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും വിലക്കുറവില്‍ തന്നെയാണ് സ്വര്‍ണം. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്കയിലെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന ചര്‍ച്ച വിജയകരമായി അവസാനിച്ചതാണ് അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയില്‍ സ്വര്‍ണം തുടരുന്നു. 45760 രൂപ വരെ ഈ മാസം വില ഉയര്‍ന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീടാണ് കുറഞ്ഞ് മേല്‍പ്പറഞ്ഞ വലിയിലെത്തിയിരിക്കുന്നത്. ഗ്രാമിന് 5555 രൂപയാണ് ഇന്ന് കേരളത്തില്‍ ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ വില കുറയുമെന്ന് പറയാന്‍ രണ്ടു കാരണങ്ങളാണുള്ളത്.

അമേരിക്കയിലെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന വിഷയത്തില്‍ നടത്തിവന്ന ചര്‍ച്ച വിജയകരമായി അവസാനിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡനും പ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക് കാര്‍ത്തിയും നടത്തിയ ചര്‍ച്ചയിലാണ് കടം പരിധി ഉയര്‍ത്താമെന്ന് ധാരണയിലെത്തിയത്. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ബില്ല് കോണ്‍ഗ്രസില്‍ വോട്ടിനിടും. 2025 ജനുവരി ഒന്ന് വരെയാണ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കടം പരിധി ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ അമേരിക്ക വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമായിരുന്നു. നേതാക്കള്‍ ധാരണയിലെത്തിയതോടെ പ്രതിസന്ധി ഒഴിഞ്ഞു. ഇതോടെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതുന്നത്. ഡോളര്‍ ഇന്‍ഡക്‌സ് നിലവില്‍ 104 ആണ്. ഡോളര്‍ കരുത്ത് കൂടി വരുന്നതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് മറ്റൊരു വിവരം. 25 ബേസിസ് പോയിന്റ് ഉയര്‍ത്താനാണ് സാധ്യത. ജൂണ്‍ മാസത്തിലെ പലിശ നിരക്ക് 64.2 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പിന്നീട് ഈ വര്‍ഷം ഉയര്‍ത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും സ്വര്‍ണവില കുറയാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുനില്‍ക്കുകയാണ്. 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 60600 രൂപയാണ് രേഖപ്പെടുത്തുന്നത്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിയ്ക്ക് 73000 രൂപയാണ് ഈടാക്കുന്നത്. അതേസമയം, 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 55550 രൂപയാണ് വിപണിയില്‍ ഈടാക്കുന്നത്. യുഎസ് പ്രതിസന്ധി അയഞ്ഞതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണവില കുറയാനുള്ള സാധ്യതയിലേക്കാണ് നയിക്കുന്നത്.












Click it and Unblock the Notifications