സ്വര്‍ണം ഇന്ന് വാങ്ങാം; 10 ദിവസത്തെ ഏറ്റവും കുറഞ്ഞ വില... പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസമായി അനങ്ങാതെ നിന്ന സ്വര്‍ണവില ഇന്ന് ഇടിയുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായി കരുതുന്നത്. വരും ദിവസങ്ങളിലും വിലയില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം എത്തുമോ എന്ന് വൈകാതെ അറിയാം.
സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 44240 രൂപയായിരുന്നു. കുറഞ്ഞ നിരക്ക് 43600 രൂപയും. ഈ മാസം 13നാണ് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി വില ഉയര്‍ന്ന് 44160 രൂപ വരെ എത്തിയിരുന്നു. പിന്നീട് നേരിയ ഇടിവ് സംഭവിച്ചു. ശനിയാഴ്ച മുതല്‍ ഇന്നലെ വരെ 43960 രൂപയായിരുന്നു. ഇന്ന് കുറഞ്ഞു.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തുന്നത് 43800 രൂപയാണ്. 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5475 രൂപയിലെത്തി. പത്ത് ദിവസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തുന്നത് എന്ന കാര്യം എടുത്തു പറയണം. ഈ മാസം 15ന് വില 43760 രൂപയായിരുന്നു. വരും ദിവസങ്ങളില്‍ ഈ വിലയിലേക്ക് സ്വര്‍ണം എത്തുമെന്നാണ് കരുതുന്നത്.
സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്താന്‍ പ്രധാന കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്. ഡോളര്‍ ഇന്‍ഡക്‌സ് 106.03 ലാണ്. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ ഇന്‍ഡക്‌സ് 106ലെത്തുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും സ്വര്‍ണ വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. ഡോളര്‍ ഇനിയും കരുത്ത് കാട്ടിയാല്‍ സ്വര്‍ണവിലയില്‍ കുറവ് വരും.
ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ പ്രധാന ആറ് കറന്‍സികളും മൂല്യം കുറയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുമെന്നതാണ് വില ഇടിയാന്‍ കാരണമായി പറയുന്നത്. മാത്രമല്ല, എണ്ണവിലയിലും ഇടിവ് വന്നിട്ടുണ്ട്.
ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 93 ഡോളറിലെത്തി എന്നതും എടുത്തുപറയണം. 96 ഡോളര്‍ വരെ വില ഉയര്‍ന്ന ശേഷമാണ് കുറയുന്നത്. വിപണിയില്‍ ആശ്വാസം പകരുന്ന കാര്യമാണിത്. 92.88 ഡോളറാണ് ബാരലിന് ഇന്ന് രേഖപ്പെടുത്തുന്നത്. എണ്ണവില ഇടിയുന്നത് പണപ്പെരുപ്പ ഭീഷണി കുറയ്ക്കും. ഇതാകട്ടെ വിപണിയില്‍ സുസ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞത് ഒരു പ്രശ്‌നമാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 83.19 എന്ന നിരക്കിലാണുള്ളത്. തിങ്കളാഴ്ച 83.03 എന്ന നിരക്കിലായിരുന്നു. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്കും നേട്ടമാകും. ആഭരണം വാങ്ങുന്നവര്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും നല്‍കേണ്ടി വരും.












Click it and Unblock the Notifications