അനങ്ങാതെ സ്വര്‍ണം... ഒരു പവന്‍ സ്വര്‍ണത്തിന് റെക്കോഡ് വില കൊടുക്കണം, ഗ്രാം വില 9000 ത്തിലേക്ക്!
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് മാറ്റങ്ങള്‍ വരുത്തി വെച്ച അനിശ്ചിതത്വം മാറ്റമില്ലാതെ തുടരുകയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കും വ്യാപാര യുദ്ധത്തിലേക്കും കടന്നിരിക്കുകയാണ്.
ഇതോടെ നിക്ഷേപകരെല്ലാം ആശങ്കയിലാകുകയും സ്വര്‍ണത്തിലേക്ക് അഭയം തേടുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ വിലയെ സമീപകാലത്ത് ഉത്തേജിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സാമ്പത്തിക മാന്ദ്യ കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം സ്വര്‍ണമാണ്. ലോകത്തിലെ ഒട്ടുമിക്ക നിക്ഷേപകരും സ്വര്‍ണമാണ് സുരക്ഷിത താവളമായി കാണുന്നത്. കേരളത്തിലെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

വെള്ളിയാഴ്ചത്തെ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം ഇന്നും വ്യാപാരം നടത്തുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചതോടെ സര്‍വകാല റെക്കോഡിലാണ് സ്വര്‍ണ വിലയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില. ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.
2008-09 കാലയളവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 10000 രൂപയായിരുന്നു. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. ആ നിലയ്ക്ക് വെറും 16 വര്‍ഷം കൊണ്ടാണ് ഒരു പവന്റെ വിലയ്ക്ക് ഗ്രാം സ്വര്‍ണം എത്തുന്നത്. ഈ മാസം വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ കണ്ടത്. ഏപ്രില്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68080 രൂപയായിരുന്നു. ഏപ്രില്‍ മൂന്നിന് 400 രൂപ കൂടിയെങ്കിലും പിന്നീട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
നാല് ദിവസം കൊണ്ട് 2680 രൂപയാണ് പവനില്‍ ഇടിഞ്ഞത്. സമീപകാലത്ത് സ്വര്‍ണത്തിനുണ്ടായ ഏറ്റവും വലിയ വിലയിടിവായിരുന്നു ഇത്. ഇതോടെ 65800 എന്ന നിലയിലേക്ക് പവന്‍വില താഴ്ന്നു. മാര്‍ച്ച് 14 ന് ശേഷം ആദ്യമായാണ് സ്വര്‍ണം 65000 ത്തിലേക്ക് വീണത്. സ്വര്‍ണ വില താഴുകയാണ് എന്ന പ്രതീതിയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും പ്രതീക്ഷകളും സ്വര്‍ണം കീഴ്‌മേല്‍ മറിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഒറ്റ ദിവസം കൊണ്ട് 1000 രൂപയിലേറെ പവന് കൂടാന്‍ തുടങ്ങി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന്‍വില 69000 വും 70000 വും 71000 വും പിന്നിട്ടു. 24 മണിക്കൂറുകളുടെ മാത്രം ഇടവേളയിലാണ് ഈ കുതിപ്പ് ഉണ്ടായത്. ഏപ്രില്‍ എട്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 65800 ലായിരുന്നു പവന്‍ വിലയെങ്കില്‍ വെറും 10 ദിവസം കൊണ്ട് 5760 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.
സ്വര്‍ണ വിലയുടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വര്‍ധനവാണ് ഇത്. ആഗോള വിപണിയില്‍ ഔണ്‍സിന് 3300 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കും ഭേദിച്ചാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ സ്വര്‍ണ വില 2025 കഴിയുമ്പോഴേക്കും 4500 ഡോളറിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല എന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്ന സംഘടനയുടെ പ്രതികരണം.
അതേസമയം കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്ന് നില്‍ക്കുന്ന സമയമാണിത്. ജൂണ്‍ മാസം വരെ കേരളത്തില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങളുടെ സീസണാണ്. ജ്വല്ലറികളില്‍ ഏറ്റവും കൂടുതല്‍ ആഭരണ പര്‍ച്ചേസ് നടക്കുന്ന സമയമാണിത്.












Click it and Unblock the Notifications