അഞ്ചാം ദിനവും അനങ്ങാതെ സ്വര്‍ണവില; ഇന്ന് ഒരു പവന്‍ ആഭരണത്തിന് എത്ര, ചാഞ്ചാട്ട സാധ്യത...
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏറ്റവും ഒടുവില്‍ വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. നിലവില്‍ ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. വരും ദിവസങ്ങളില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. നിലവിലെ സാഹചര്യം ഉപഭോക്താക്കള്‍ മുതലെടുക്കുന്നുണ്ട്.
ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റമാണ് കാണുന്നത്. രൂപയുടെ മൂല്യത്തിലും അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ എണ്ണവില ഉയരുകയാണ് ചെയ്തത്. വിപണിയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നത് എണ്ണവിലയുടെ കാര്യത്തിലാണ്. എണ്ണവില പരിധി വിട്ടാല്‍ വിപണിയെ മൊത്തം ബാധിക്കും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43280 രൂപയാണ്. ഗ്രാമിന് 5410 രൂപ നല്‍കണം. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഈ തുക മതിയാകില്ല. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നല്‍കേണ്ടതായി വരും. ഇതെല്ലാം ചേരുമ്പോള്‍ ഒരു പവന് 4000 രൂപയോളം അധികം വന്നേക്കും. വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിച്ചിട്ടുണ്ട്.
വാങ്ങുന്ന സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയ്ക്കാണ് ജിഎസ്ടി നല്‍കേണ്ടത്. പണിക്കൂലി വിവിധ ജ്വല്ലറികളില്‍ വ്യത്യസ്തമാണ്. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നതില്‍ പ്രധാനം. ഡിസൈന്‍ വര്‍ക്ക് കൂടുതലുള്ള ആഭരണത്തിന് ഉയര്‍ന്ന പണിക്കൂലി നല്‍കേണ്ടി വരും. സ്വാഭാവികമായും നികുതിയിലും മാറ്റമുണ്ടാകും.
ചില ജ്വല്ലറികള്‍ മൂന്ന് ശതമാനം പണിക്കൂലി മുതല്‍ ഈടാക്കുന്നുണ്ട്. ഡിസൈന്‍ വളരെ കുറവുള്ള ആഭരണത്തിനാണ് മൂന്ന് ശതമാനം പണിക്കൂലി. ചില ജ്വല്ലറികളില്‍ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. വാങ്ങുന്ന ആഭരണത്തിന്റെ അഞ്ച് ശതമാനമാണ് പണിക്കൂലിയായി കണക്കാക്കുന്നത്. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് വളരെ തുച്ഛമായ സംഖ്യയാണ്. ഹാള്‍മാര്‍ക്കില്ലാത്ത ആഭരണങ്ങള്‍ കഴിഞ്ഞ ജൂലൈ മുതല്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
ഡോളര്‍ ഇന്‍ഡക്‌സ് 103.35 എന്ന നിരക്കിലാണ്. ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയും. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 83.09 എന്ന നിരക്കിലാണ്. നേരിയ മുന്നേറ്റം മാത്രമാണ് രൂപയിലുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിക്കുമെന്നാണ് വാര്‍ത്തകള്‍. അതേസമയം, ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 85.41 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications