അപ്രതീക്ഷിത ഇടിവ്; സ്വര്‍ണവില വീണ്ടും താഴോട്ട്, ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും വലിയ തോതിലാണ് വില കുറഞ്ഞു വരുന്നത്. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിലക്കുറവില്‍ ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശ്ചര്യപ്പെടുകയാണ്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം എന്ന് വ്യാപാരികള്‍ പറയുന്നു.
വില കുറഞ്ഞുവരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷമുണ്ട്. വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണവര്‍. വില കുറഞ്ഞാല്‍ വില്‍പ്പന കൂടുമെന്നതാണ് കേരള വിപണിയിലെ ചരിത്രം. വില കൂടിയതിനാല്‍ ഇടത്തരക്കാരായ ഉപഭോക്താക്കള്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ വില കുറയുന്നത് ശുഭ പ്രതീക്ഷയാണെന്ന് വ്യാപാരികള്‍ സന്തോഷം പങ്കുവയ്ക്കുന്നു.

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 42680 രൂപയാണ്. 240 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാം ദിവസവമാണ് തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുന്നത്. ഈ മാസം 25ന് ഒരു പവന് 43960 രൂപയായിരുന്നു വില. 1300 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനിടെ സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5335 രൂപയായി.
ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇതിന് മുമ്പ് ഈ വില ഈടാക്കിയത്. പിന്നീട് ഘട്ടങ്ങളായി ഉയരുകയായിരുന്നു. ഏറിയും കുറഞ്ഞും വില 45000ത്തിന് മുകളിലെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ രേഖപ്പെടുത്തുന്ന വില ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതുല്യ അവസരമാണ്.
അതേസമയം, ദേശീയ വിപണിയില്‍ 22 കാരറ്റ് ഒരു പവന് 53800 രൂപയാണ് വില. ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ വിലയാണിത്. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 74800 രൂപയില്‍ തുടരുകയാണ്. സ്വര്‍ണവില തുടര്‍ച്ചയായി ഇടിയാനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിലക്കുറവ് വന്നേക്കാം.
എണ്ണവിലയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 95.31 ഡോളര്‍ എന്ന നിരക്കാണ്. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടിയില്‍ നിന്ന് പിന്നാക്കം പോകുമെന്നാണ് വിവരം. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് പ്രതിദിന ഉല്‍പ്പാദനത്തില്‍ 13 ലക്ഷം ബാരല്‍ കുറച്ചിരുന്നു. ഇത് വില ഉയരാന്‍ ഇടയാക്കി എങ്കിലും സൗദി നിലപാട് മാറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഡോളര്‍ ഇന്‍ഡക്‌സ് 106.17 എന്ന നിരക്കിലാണ്. ഡോളര്‍ കരുത്ത് കാട്ടുന്നത് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണമാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.18 എന്ന നിരക്കിലാണ്. സ്വര്‍ണം ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 45000 രൂപ വരെ വന്നേക്കും. പണിക്കൂലി, നികുതി എന്നിവ ചേര്‍ത്താണിത്. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് ഗുണമാകും.












Click it and Unblock the Notifications