സ്വര്‍ണവില വീണ്ടും താഴോട്ട്; സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അതുല്യ അവസരം... പുതിയ വില ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. ഓരോ ദിവസവും നേരിയ തോതില്‍ വിലയില്‍ കുറവ് വരികയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. ഇത്രയും വില കുറയുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നില്ല.
ഈ മാസം ആദ്യത്തില്‍ 44560 രൂപയായിരുന്നു പവന്‍ വില. പിന്നീട് 45760 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു. ശേഷം ഘട്ടങ്ങളായി കുറഞ്ഞു. അതിനിടെ ചാഞ്ചാട്ടവും പ്രകടമായി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി വില താഴോട്ട് തന്നെയാണ് പോകുന്നത്. ഈ അവസരം ആഭരണപ്രേമികള്‍ മുതലെടുക്കുമെന്ന് തീര്‍ച്ചയാണ്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5555 രൂപയാണ് നല്‍കേണ്ടത്. ഇത്രയും വിലക്കുറവ് കേരളത്തില്‍ ഈ മാസം ആദ്യമാണ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 45000 രൂപയായിരുന്നു വില. മൂന്ന് ദിവസത്തിനിടെ 560 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും നേരിയ വിലക്കുറവ് സംഭവിച്ചേക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായത്. ഡോളര്‍ ഇന്‍ഡക്‌സ് 104.23 ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തുന്നത്. ഡോളര്‍ ഇനിയും കരുത്തു പ്രകടിപ്പിക്കാനാണ് സാധ്യത. രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍. അതേസമയം, അമേരിക്കയിലെ കടമെടുക്കല്‍ പരിധിയുമായി ബന്ധപ്പെട്ട ചര്‍ച്ച പൊളിഞ്ഞാല്‍ സ്വര്‍ണവില കൂടിയേക്കും.
അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. അതേസമയം, രൂപയുടെ മൂല്യം ഇടിയുകയാണ്. ആഭ്യന്തര സ്വര്‍ണവിപണിയില്‍ വെല്ലുവിളിയാണിത്. ഡോളറിനെതിരെ 82.56 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇതിടയാക്കും. മാത്രമല്ല, എണ്ണയുടെ വില കൂടാനും കാരണമാകും.
അമേരിക്കയിലെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജോ ബൈഡനും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. കരാര്‍ വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബൈഡന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുന്നതിലേക്ക് ഇരുവിഭാഗവും നയിക്കില്ല എന്ന വിശ്വാസത്തിലാണ് നിക്ഷേപകരും.
കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നതില്‍ സമവായമായാല്‍ അമേരിക്ക ട്രഷറി നേരിടുന്ന പ്രതിസന്ധി ഇല്ലാതാകും. ഇതോടെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കാനാണ് സാധ്യത. സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങുന്നു എന്ന മറ്റൊരു സൂചനയാണിത്. ഇതോടൊപ്പം രൂപയുടെ മൂല്യം കൂടി ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. അതിനിടെ, ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന വാര്‍ത്ത വിപണിയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications