സ്വർണ വില വീണ്ടും ഉയർന്നു; വന്‍ കുതിപ്പ്, ആശ്വാസം ആശങ്കയാവുമോ, വരും ദിവസങ്ങളില്‍ എന്ത്
സമീപകാലത്ത് ആഗോള-ആഭ്യന്തര വിപണികളില്‍ സ്വർണ നിരക്കില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കന്‍ ബാങ്കുകളുടെ തകർച്ചയെ തുടർന്ന് ശക്തിപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യഭീഷണി ഉള്‍പ്പടേയുള്ള നിരവധി കാരണങ്ങളാണ് സ്വർണ വിലയിലെ വർധനവിന് ഇടയാക്കിയത്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ ഇറക്കുമതി തീരുവ ഉയർത്തിയത് ഉള്‍പ്പടേയുള്ള കാരണങ്ങളും തിരിച്ചടിയായി.
ഈ മാസം എട്ടിന് പവന് 45000 എന്ന സർവ്വകാല റെക്കോർഡിലേക്ക് സ്വർണ വില കുതിക്കുന്നതും നാം കണ്ടു. എന്നാല്‍ അവിടെ നിന്നും വില പതിയെ കുറയുകയും ഇടക്ക് രണ്ട് ദിവസം സ്ഥിരത കൈവരിക്കുകയും ഇന്നലെ വീണ്ടും കുറയുന്നതുമാണ് കണ്ടത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഇന്ന് ഇതാ സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്.

പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയായി ഉയർന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5570 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1998 ഡോളറിലാണ് വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 320 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44320 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന.
ഏപ്രില്‍ ഒന്ന് പവന് 44000 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം വില്‍പ്പന ആരംഭിച്ചത്. ഇതാണ് അഞ്ചാം തിയതിയായപ്പോഴേക്കും റെക്കോർഡ് നിരക്കായ 45000 ത്തിലെത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ 680 രൂപ കുറഞ്ഞിരുന്നു. ഇവിടെ നിന്നും വില ഇപ്പോള്‍ 240 രൂപ നിരക്കില്‍ വർധിച്ചിരിക്കുകയാണ്. അമേരിക്കന്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടു എന്ന റിപ്പോർട്ടായിരുന്നു ഇന്നലെ സ്വർണ വില ഇടിയാനുണ്ടായ പ്രധാന കാരണം. എന്നാല്‍ തിരിച്ച് കയറിയ സ്വർണ വില വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം, രാജ്യത്തെ സ്വർണ ഇറക്കുമതിയില്‍ വലിയ തോതില്‍ ഇടിവുണ്ടതായുള്ള റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസക്കാലത്ത് രാജ്യത്തെ സ്വർണ ഇറക്കുമതി 30 ശതമാനം ഇടിഞ്ഞ് 3,180 കോടി ഡോളറിലെത്തിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2021-22 സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ 4,520 കോടി ഡോളറായിരുന്നു സ്വർണ ഇറക്കുമതി. എന്നാല്‍ പിന്നീട് ഇത് പടിപടിയായി കുറയുകയായിരുന്നു. ഉയർന്ന ഇറക്കുമതി തീരുവയും ആഗോള സാമ്പത്തിക അനിശ്ചിതത്വവുമാണ് ഇടിവിന് പ്രധാന കാരണം. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇറക്കുമതി വലിയ തോതിൽ കുറയാൻ തുടങ്ങിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിവർഷം 800-900 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നതെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 600 ടണിലേക്ക് എത്തി. സ്വർണ വില ഉയർന്നതും ഇറക്കുമതി കുറയാന്‍ പ്രധാന കാരണമായി. അതേസമയം നിയമപ്രകാരമല്ലാത്ത മാർഗ്ഗത്തിലൂടേയും വലിയ തോതില്‍ സ്വർണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.












Click it and Unblock the Notifications