വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇതെന്ത് പോക്കാണ്!! വിവാഹത്തിന് മറ്റ് വഴി നോക്കാം
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ആശ്വാസം നല്‍കിയ സ്വര്‍ണവില കേരളത്തില്‍ വീണ്ടും കുതിച്ചുയരുന്നു. 45000 കടന്ന് വില ഉയരുമെന്ന് ഉറപ്പായി. ഈ മാസം ഏറ്റവും കൂടിയ നിരക്ക് 45000 രൂപയും കുറഞ്ഞ നിരക്ക് 43760 രൂപയുമാണ്. ഏപ്രില്‍ അഞ്ചിനാണ് 45000 എന്ന സര്‍വകാല റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം എത്തിയത്. കുറഞ്ഞ വില രേഖപ്പെടുത്തിയത് ഏപ്രില്‍ മൂന്നിനും.
വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണാഭരണം വാങ്ങാനിരുന്നവര്‍ക്കാണ് വലിയ തിരിച്ചടി കിട്ടിയത്. അടിക്കടി വില ഉയരുന്നത് അവരെ നിരാശരാക്കുന്നു. പുതിയ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് മിക്ക വിവാഹ ആവശ്യക്കാരും പിന്മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനപ്പെട്ട ആഭരണങ്ങള്‍ ഒഴികെയുള്ളതിന് പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് മലപ്പുറത്തെ വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. ഏപ്രില്‍ പത്ത് വരെ സ്വര്‍ണ വില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ ചൊവ്വാഴ്ച ഉയര്‍ന്നു. ഇന്ന് വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 44960 രൂപ നല്‍കണം. ഗ്രാമിന് 5620 രൂപയും കൊടുക്കണം. അതായത്, സര്‍വകാല റെക്കോര്‍ഡ് വില ഭേദിക്കാന്‍ ഇനി വെറും 40 രൂപയുടെ കുറവേയുള്ളൂ.
അമേരിക്കന്‍ ഡോളറിന് ശക്തി ക്ഷയിച്ചതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുമെന്നായിരുന്നു കഴിഞ്ഞാഴ്ചയിലെ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്തുണയായി അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ നിന്നുള്ള കണക്കുകളും പുറത്തുവന്നിരുന്നു. എന്നാല്‍ മറിച്ചാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഡോളര്‍ മൂല്യമിടിഞ്ഞു.
അമേരിക്കന്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വ് പലിശ നിലക്ക് ഉയര്‍ത്തി പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്ന നീക്കങ്ങള്‍ തുടരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് വിഭിന്നമായിട്ടാണ് ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇതോടെ നിക്ഷേപകര്‍ ആശങ്കയിലാകുകയും അവര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്തു.

സ്വര്‍ണവില പിടിവിട്ട് ഉയരുന്ന സാഹചര്യത്തില്‍ മലയാളികള്‍ ഏറെ ആശങ്കയിലാണ്. മലയാളികളുടെ ഏത് ആഘോഷത്തിനുമൊപ്പം സ്വര്‍ണത്തിന്റെ കൂട്ടുണ്ടാകും. സ്വര്‍ണം വാങ്ങാതെയും അണിയാതെയും മലയാളികള്‍ക്ക് ആഘോഷമില്ല. അവിടെയാണ് വിലക്കയറ്റം ഭീഷണിയാകുന്നത്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ഒഴിവാക്കി ആഘോഷങ്ങള്‍ സംഘടിപ്പിക്കണം എന്ന വാദവും ബലപ്പെട്ടിട്ടുണ്ട്.
പുതിയ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ വളരെ കുറഞ്ഞിട്ടുണ്ടെന്ന് മലപ്പുറത്തെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. പഴയ സ്വര്‍ണം മാറ്റി വാങ്ങുക, വില്‍ക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പേരും ജ്വല്ലറികളില്‍ എത്തുന്നതത്രെ. പഴയ സ്വര്‍ണം തങ്ങളുടെ കടയില്‍ നിന്ന് വിറ്റതാണെങ്കില്‍ മാത്രമാണ് പല ജ്വല്ലറികളും സ്വീകരിക്കുന്നത്. വില്‍ക്കുമ്പോള്‍ 1000 രൂപയിലേറെ കുറവാണ് ഒരുപവന് കിട്ടുക.
അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തിപ്പെടണം, ഡോളര്‍ കരുത്താര്‍ജിക്കണം, ഇന്ത്യന്‍ രൂപയും ശക്തിപ്പെടണം, ഓഹരി വിപണികളില്‍ മുന്നേറ്റമുണ്ടാകണം... തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചാലാണ് സ്വര്‍ണവില ഇടിയുക. നിലവില്‍ ഈ മാറ്റങ്ങളെല്ലാം ഒരുമിച്ച് സംഭവിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ആഗോള കറന്‍സി എന്ന ഖ്യാതി ഡോളറിന് നഷ്ടപ്പെടാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications