സ്വര്‍ണവില വര്‍ധിച്ചു; ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം, അന്ന് വാങ്ങിയിരുന്നെങ്കില്‍ 2640 രൂപ ലാഭം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. വ്യാഴാഴ്ച വില കുറഞ്ഞ പിന്നാലെയാണ് വെള്ളിയാഴ്ചയിലെ വര്‍ധനവ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിലും നേരിയ വില വര്‍ധനവ് പ്രകടമാണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50680 രൂപയായിരുന്നു. ഏറ്റവും ഉയര്‍ന്നത് 54520 രൂപയും. ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2640 രൂപയുടെ വര്‍ധനവാണുള്ളത്. സ്വര്‍ണവിലയിലെ കുതിച്ചുകയറ്റം കഴിഞ്ഞ കുറച്ചു ദിവസമായി നിലച്ചിട്ടുണ്ട്. പകരം ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്. ഇന്നത്തെ വില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53320 രൂപയാണ് വില. 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6665 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 58000 രൂപ വരെ ചെലവായേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51500 രൂപ ലഭിച്ചേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറികള്‍ വില ഈടാക്കാറ്.
ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇന്ന് വീണ്ടും നേരിയ തോതില്‍ മുന്നേറുന്നുണ്ട്. 105.65 എന്ന നിരക്കിലാണ് സൂചികയുള്ളത്. ഡോളര്‍ സൂചിക കയറിയാല്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും കുറയും. ഇതാണ് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുന്ന ഒരു ഘടകം.
എണ്ണവില കയറി വരുന്നതാണ് വിപണിയിലെ മറ്റൊരു ആശങ്ക. നേരത്തെ 90 ഡോളറിലെത്തിയിരുന്ന ബ്രെന്റ് ക്രൂഡ് ബാരല്‍ വില 83ലേക്ക് താഴ്ന്നിരുന്നു. പിന്നീട് പശ്ചിമേഷ്യയിലെ സാഹചര്യം മാറിയതോടെ വില ഉയരാന്‍ തുടങ്ങി. 89.36 ആണ് ഏറ്റവും പുതിയ വില. എണ്ണ വില കയറിയാല്‍ അവശ്യ വസ്തുക്കളുടെ വിലയിലും മാറ്റം വന്നേക്കും. 100 ഡോളറിലെത്തണം എന്നാണ് സൗദി ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളുടെ താല്‍പ്പര്യം.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.34 ആണ്. രൂപയുടെ വലിയ തോതിലുള്ള ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്. അതേസമയം, പ്രവാസികള്‍ക്ക് നേട്ടമാകും. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് ഇന്ത്യയിലേക്കാള്‍ വലിയ വിലക്കുറവാണ്.












Click it and Unblock the Notifications