സ്വര്‍ണവില പതിയെ കയറുന്നു; വലിയ കുതിപ്പ് ഉണ്ടാകില്ലെന്ന് പ്രവചനം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: നവംബര്‍ ഒന്നിന് അല്‍പ്പം കുറഞ്ഞ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാണിക്കുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം, ചൈനയില്‍ സ്വര്‍ണം വാങ്ങുന്നത് കുറയാന്‍ സാധ്യതയുണ്ട് എന്ന വിവരം പുറത്തുവന്നത് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാലേ വ്യക്തത വരൂ.
സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് മിക്ക വിദഗ്ധരും പ്രവചിക്കുന്നത്. എന്നാല്‍ ഒറ്റയടിക്ക് വലിയ കുതിപ്പ് നടത്താന്‍ സാധ്യതയില്ല എന്നും ഇവര്‍ കരുതുന്നു. ചാഞ്ചാട്ടത്തിലൂടെ സാവധാനം വില ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ന് കേരളത്തില്‍ 120 രൂപയുടെ വര്‍ധനവ് മാത്രമാണ് പവന്‍മേല്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയുടെ ഗ്രാം വിലയും ഉയര്‍ന്നിട്ടുണ്ട്.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11290 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9280 രൂപയിലെത്തി. 14 കാരറ്റ് ഗ്രമിന് 7220 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 4685 രൂപ നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ചു. 160 രൂപയാണ് ഇന്നത്തെ വില. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90320 രൂപയാണ് നല്‍കേണ്ടത്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4012 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പത്ത് ഡോളറിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം പ്രതീക്ഷിക്കാം. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ ആവശ്യക്കാരുള്ള രാജ്യം. എന്നാല്‍ നികുതി ഇളവ് നീക്കിയതോടെ ചൈനയില്‍ സ്വര്‍ണ ആവശ്യത്തില്‍ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്.
സ്വര്‍ണവില പ്രവചനം: ഉയരുമോ അതോ
97360 രൂപ വരെ പവന്‍ വില ഉയര്‍ന്ന ശേഷമാണ് വലിയ ഇടിവ് കേരളത്തിലുണ്ടായത്. ഇത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമായി. എന്നാല്‍ ഈ മാസവും സമാനമായ ഇടിവ് വരുമോ എന്ന് അന്വേഷിക്കുന്നവരാണ് പലരും. അത്ര തന്നെ ഇടിവുണ്ടാകില്ലെന്നും അതല്ല, ഇനിയും വില കുത്തനെ ഇടിയുമെന്നും പ്രവചനങ്ങളുണ്ട്. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര പോര് അവസാനിപ്പിച്ചതാണ് വില ഇടിയുമെന്ന് പറയുന്നവരുടെ ന്യായം.
അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര പോര് അവസാനിപ്പിച്ചത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് തുടങ്ങിയിട്ടുള്ളത്. മാത്രമല്ല, ചൈനയില്‍ സ്വര്‍ണ നികുതി ഇളവ് ഒഴിവാക്കിയതും സ്വര്‍ണത്തിന് ആവശ്യക്കാരെ കുറയ്ക്കുമെന്നാണ് കരുതുന്നത്. എച്ച്എസ്ബിസി, ബാങ്ക് ഓഫ് അമേരിക്ക, മെറ്റല്‍സ് ഫോക്കസ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം അവസാനത്തോടെ ഔണ്‍സിന് 5000 ഡോളര്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്.
ലോകബാങ്ക് പറയുന്നത് അടുത്ത വര്‍ഷം നേരിയ വര്‍ധനവേ ഉണ്ടാകൂ എന്നാണ്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്ന അളവിലും ഇടിവ് വന്നിട്ടുണ്ട്. സ്വര്‍ണവില വലിയ കുതിപ്പ് നടത്തുമെന്ന സാഹചര്യം നിലവിലില്ല. എങ്കിലും ഏത് സമയവും സാഹചര്യം മാറി മറിഞ്ഞേക്കാം എന്നതാണ് കഴിഞ്ഞകാല ചരിത്രം.












Click it and Unblock the Notifications