സ്വര്‍ണവില ഞെട്ടിച്ചു; ഇന്നും വന്‍ കുതിപ്പ്, ഒരു പവന്‍ ആഭരണത്തിന് 92000, ഇന്നത്തെ ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുകയാണ്. ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ താണ്ടുന്ന സ്വര്‍ണം സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലെത്തി. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ ചേര്‍ത്ത് 92000 രൂപ വരെ വരുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് പറയുന്നത്.
ഈ മാസം ഒന്നിന് 77640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നത്തെ വിലയുമായി നോക്കുമ്പോള്‍ 6200 രൂപ കുറവായിരുന്നു അന്ന്. മൂന്നാഴ്ചയ്ക്കിടെയാണ് ആറായിരത്തില്‍ അധികം രൂപയുടെ വില ഉയര്‍ന്നിരിക്കുന്നത്. ഇന്നത്തെ വില എത്രായാണ്, വില കൂടാനുള്ള കാരണം, ആഭരണത്തിന്റെ വില എന്നിവ അറിയാം...

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 83840 രൂപയാണ് വില. 920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 10480 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8615 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6700 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4325 രൂപയുമായി. വെള്ളിയുടെ ഗ്രാം വില 4 രൂപ വര്‍ധിച്ച് 144 രൂപയിലെത്തി. സ്വര്‍ണവും വെള്ളിയും വില കുതിക്കുകയാണ്.
സ്വര്‍ണവില കൂടാന്‍ കാരണം
തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. രാവിലെ 320 രൂപയും ഉച്ചയ്ക്ക് 360 രൂപയും വര്‍ധിച്ചു. ഇന്ന് 920 രൂപയും കൂടി. ഓരോ ദിവസവും വലിയ കുതിപ്പാണ് സ്വര്‍ണം നടത്തുന്നത്. അമേരിക്കയിലെ പലിശ കുറച്ചത്, ഡോളര്‍ മൂല്യം ഇടിഞ്ഞത്, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് എന്നിവയാണ് സ്വര്‍ണവില കൂടാന്‍ കാരണം.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3750 ഡോളറിലെത്തി. ഡോളര്‍ സൂചിക 97.30 ആയി കുറഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം 88.48 ആയി ഇടിഞ്ഞു. രൂപ ഇത്രയും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത് ആദ്യമാണ്. പ്രവാസികള്‍ ഈ വേളയില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ ശ്രമിച്ചേക്കും. ജിഎസ്ടി നിരക്ക് കുറയുക കൂടി ചെയ്ത സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പണം കൈയ്യിലിരിക്കും.
സ്വര്‍ണവില നിശ്ചയിക്കുന്നത് ഇങ്ങനെ
രാജ്യാന്തര വിപണിയിലെ ഔണ്‍സ് വില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടന ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. രൂപയുടെ മൂല്യം കുറയുന്നതോടെ സ്വര്‍ണം ഇറക്കുമതി ചെലവ് വര്‍ധിക്കും. കയറ്റുമതി പ്രതിസന്ധിയിലായത് ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ക്കുകയും ചെയ്യും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച തുടരുകയാണ്. ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ വിസയ്ക്ക് തുക വര്‍ധിപ്പിച്ചിരിക്കുകയാണ് അമേരിക്ക. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തുമെന്ന അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം തകരുകയും സ്വര്‍ണവില കുതിക്കുകയും ചെയ്യും.












Click it and Unblock the Notifications