സ്വര്‍ണവില വീണ്ടും താഴ്ന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില... അറിയാം പുതിയ നിലവാരം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയണ്. രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ വര്‍ധനവ് നേട്ടമായിട്ടുണ്ട്. മാത്രമല്ല, ആഗോള തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതും വില ഇടിയുന്നതിന് കാരണമാണ്. അമേരിക്കയുടെ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുമെന്ന് കരുതുന്ന പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം മണിക്കൂറുകള്‍ക്കകം പുറത്തുവരും.
മെയ് മാസത്തില്‍ കേരളത്തിലെ സ്വര്‍ണവില 45000ത്തിന് മുകളിലായിരുന്നു. ഈ മാസം 44000-45000 നിരക്കിലാണ് വ്യാപാരം. ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 44040 രൂപയാണ്. 280 രൂപയുടെ കുറവാണ് ഒരു പവന്മേലുണ്ടായിരിക്കുന്നത്.

സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 44040 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5505 രൂപയാണ്.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഒരു ഡോളറിന് 82.29 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ 82.50ന് മുകളിലായിരുന്നു. രൂപയുടെ മൂല്യം ഉയരുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. മാത്രമല്ല, ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് നേട്ടവുമായിരിക്കും. എന്നാല്‍, രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് സന്തോഷമുള്ള കാര്യമാണ്.
അതേസമയം, ബുധനാഴ്ച ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് രേഖപ്പെടുത്തുകയാണ് ചെയ്തത്. 103.31 എന്ന നിരക്കിലാണ് ഡോളര്‍. ഡോളര്‍ ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരുകയാണ് ചെയ്യുക. ഡോളര്‍ ശക്തി പ്രാപിച്ചാല്‍ സ്വര്‍ണം വില കുറയും. വരും മണിക്കൂറിലെ വ്യാപാരം അടിസ്ഥാനമാക്കിയാണ് വ്യാഴാഴ്ചത്തെ സ്വര്‍ണവില നിശ്ചയിക്കുക.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സുപ്രധാന തീരുമാനം വരാനിരിക്കുകയാണ്. പലിശ നിരക്കില്‍ ബാങ്ക് മാറ്റം വരുത്തുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഒരുപക്ഷേ, ഇത്തവണ കൂടി അല്‍പ്പം നിരക്ക് ഉയര്‍ത്തിയേക്കാമെന്ന് കരുതുന്നു. ഈ വര്‍ഷം ഇനി പലിശ നിരക്ക് ഉയര്‍ത്തില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണ്ടാക്കുന്നതാണ്.












Click it and Unblock the Notifications