സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1600 രൂപയുടെ നേട്ടം, ആഭരണം വാങ്ങാം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ തോതില്‍ വില കുറയുന്നുണ്ട്. ഏറ്റവും റെക്കോര്‍ഡ് വിലയില്‍ എത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 1600 രൂപയാണ് ഇതുവരെ കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഇനി തിങ്കളാഴ്ചയാണ് വിലയില്‍ മാറ്റം വരിക.
അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ല. എന്നാല്‍ ചില ധാരണകളിലെത്തി എന്ന് പുടിന്‍ പറയുന്നു. എങ്കിലും യുക്രൈന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരായ അധിക ചുങ്കം അമേരിക്ക പിന്‍വലിക്കുമോ എന്ന് വ്യക്തവുമല്ല.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74160 രൂപയാണ് വില. 80 രൂപ മാത്രമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞിരുന്നു. ചില ജ്വല്ലറികളില്‍ ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇവര്‍ വില്‍ക്കുന്നത് പവന് 74200 രൂപ എന്ന നിരക്കിലാണ്. വ്യാപാരികള്‍ രണ്ട് ചേരിയായി നില്‍ക്കുന്നതാണ് ഈ നേരിയ വ്യത്യാസത്തിന് കാരണം. രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
അതേസമയം, ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 7615 രൂപയായി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 60920 രൂപ വരും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5930 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3815 രൂപ നല്‍കണം. വെള്ളിയുടെ ഗ്രാം വില 122 രൂപയാണ്. ആഭരണം വാങ്ങുന്നവര്‍ എല്ലാ സ്വര്‍ണത്തിനും കൂടെ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി നല്‍കേണ്ടി വരും.
സ്വര്‍ണവിലയില്‍ ആശങ്കപ്പെടുത്തുന്ന കാര്യം
ഡോളര്‍ മൂല്യം ഇടിഞ്ഞു വരുന്നത് സ്വര്‍ണ പ്രേമികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണവില കൂടുകയാണ് ചെയ്യുക. ഡോളര്‍ സൂചിക ഇപ്പോള്‍ 98ന് താഴെ എത്തിയിട്ടുണ്ട്. നേരത്തെ 106 വരെ ഉയര്‍ന്നിരുന്നു എന്ന് ഓര്‍ക്കണം. ഇത്രയും ഇടിഞ്ഞതോടെ മറ്റു കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ എളുപ്പമാകുകയും ചെയ്യും.
രൂപയുടെ മൂല്യവും ഇപ്പോള്‍ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റ സാധ്യത കാണിച്ചിരുന്നു എങ്കിലും വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. 87.65 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. ക്രൂഡ് ഓയില്‍ വില 66 ഡോളറില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. രൂപ കരുത്ത് കൂട്ടിയാലും സ്വര്‍ണവില കുറയും. മാത്രമല്ല, അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. അക്കാര്യം നടന്നാലും സ്വര്‍ണവില ഉയരും.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 75760 രൂപയാണ്. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ഏറ്റവും കുറഞ്ഞ പവന്‍ വില 73200 രൂപയാണ്. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലം വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇന്ന് രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3336 ഡോളറാണ് വില.












Click it and Unblock the Notifications