സ്വര്‍ണവില നേരിയ ഇടിവില്‍; രണ്ട് കാര്യങ്ങള്‍ വരുംദിവസം വില കൂട്ടിയേക്കും, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. രാജ്യാന്തര വിപണിയിലും വില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വരുംദിവസങ്ങളില്‍ വില കൂടിയേക്കുമെന്നാണ് കരുതുന്നത്. വിപണിയില്‍ ആശങ്കയായി രണ്ട് കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഒക്ടോബര്‍ മുതല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 73200 രൂപയായിരുന്നു. ഈ മാസം ഒന്നിനാണ് ഈ വില ഈടാക്കിയത്. എന്നാല്‍ പിന്നീട് വലിയ വില മുന്നേറ്റം നടത്തി 75760 രൂപയില്‍ വരെ എത്തി. സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയും ഇതുതന്നെയാണ്. ഇനി ഇന്നത്തെ വില അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് വില. 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കില്‍ നിന്ന് ഇന്നത്തെ വിലയുമായി താരമത്യം ചെയ്യുമ്പോള്‍ 1200 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. എന്നാല്‍ എല്ലാ മാസവും ക്രമേണ വില കൂടി വരികയാണ് എന്നതും എടുത്തു പറയണം.
സ്വര്‍ണവില കൂടാനുള്ള കാരണം ഇതാണ്
എന്തുകൊണ്ടാണ് സ്വര്‍ണവില കൂടുന്നത് എന്ന് ചോദിച്ചാല്‍ രണ്ട് കാരണങ്ങളാണ് പ്രകടമായുള്ളത്. ഡോളര്‍ നിരക്ക് കുറഞ്ഞു വരുന്നു എന്നതാണ് ഒരു കാരണം. 97.86 എന്ന നിരക്കിലേക്ക് ഡോളര്‍ സൂചിക ഇടിഞ്ഞിരിക്കുകയാണ്. അതേസമയം, രൂപയുടെ മൂല്യം 87.42 ആകുകയും ചെയ്തു. ഡോളര്‍ നിരക്ക് ഇനിയും താഴ്ന്നാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കൂടിവരികയും സ്വര്‍ണവില വര്‍ധിക്കുകയും ചെയ്യും.
അമേരിക്കയിലെ പലിശ നിരക്കില്‍ കുറവ് വരാന്‍ പോകുന്നു എന്ന വിവരം വന്നതും സ്വര്‍ണത്തിന് ആവശ്യക്കാരെ വര്‍ധിപ്പിക്കുന്നുണ്ട്. ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വാഭാവികമായും വില കൂടും. പലിശ നിരക്ക് കുറഞ്ഞാല്‍ നിക്ഷേപ വരുമാനം ഇടിയും. ഇത് ഒഴിവാക്കാനാണ് പല നിക്ഷേപകരും സ്വര്‍ണത്തിലേക്ക് തിരിയുന്നത്. സെപ്തംബര്‍ മൂന്നാംവാരത്തിലാണ് ഫെഡ് റിസര്‍വ് പുതിയ നിരക്ക് പ്രഖ്യാപിക്കുക.
ഇന്ത്യയില്‍ സ്വര്‍ണവിലയില്‍ മാറ്റത്തിന് സാധ്യത
ഇന്ത്യയില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ പോകുകയാണ്. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ ആദ്യവാരം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ ജിഎസ്ടി വരിക. 12, 28 ജിഎസ്ടി നിരക്കുകള്‍ ഒഴിവാക്കി 5, 18 നിരക്കുകളിലേക്ക് ലയിപ്പിക്കുകയാണ് ചെയ്യുക. മിക്ക വസ്തുക്കള്‍ക്കും ഇതോടെ വില കുറയും.
ഒക്ടോബറില്‍ വില കുറയുമെന്ന് പ്രതീക്ഷിച്ച് സെപ്തംബറില്‍ വിപണി ക്ഷീണിക്കാനാണ് സാധ്യത. സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനമാണ്. ഇത് അഞ്ചിലേക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില കൂടും. ഒരു ശതമാനമാക്കി കുറയ്ക്കണം എന്നാണ് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത് അംഗീകരിച്ചാല്‍ സ്വര്‍ണവില കുറയും. അടുത്ത മാസം ആദ്യവാരത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.












Click it and Unblock the Notifications