സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 360 രൂപ വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് തിരിച്ചടിയായത്. ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണവിലയും പാകിസ്താനിലെ ചര്‍ച്ചയെ അടിസ്ഥാനമാക്കിയാകും ഇനി മാറുക. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച ഇന്ന് പാകിസ്താനില്‍ നടക്കും.
അമേരിക്കയുടെ പ്രതിനിധികള്‍ നേരത്തെ പാകിസ്താനില്‍ എത്തിയിട്ടുണ്ട്. ഇറാന്‍ പ്രതിനിധികള്‍ രാത്രി എത്തി. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ വിപണി പഴയ പോലെ സജീവമാകും. ഉപാധികളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായാലും പ്രശ്‌നത്തില്‍ രമ്യത വരും. അമേരിക്ക ഇങ്ങോട്ട് വന്നു പ്രശ്‌നമുണ്ടാക്കിയതാണും ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ സമാധാനം പുലരൂ എന്നുമാണ് ഇറാന്റെ നിലപാട്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14010 രൂപയാണ്. ഒരു പവന് 112080 രൂപയും. വീണ്ടും വില കുതിക്കുന്നു എന്ന മാറ്റം എടുത്തു പറയേണ്ടതാണ്. എന്നാല്‍ നേരിയ ചാഞ്ചാട്ടം വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. വലിയ കുതിച്ചു ചാട്ടവും വലിയ ഇടിവും സംഭവിക്കണം എങ്കില്‍ പാകിസ്താനിലെ ചര്‍ച്ചയുടെ ഫലം പുറത്തുവരണം. ആഗോള വിപണിയിലെ സ്വര്‍ണില 4750 ഡോളറില്‍ നില്‍ക്കുകയാണ്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 11515 രൂപയാണ്. പവന് 92120 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8965 രൂപയും പവന് 71720 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5780 രൂപയും പവന് 46240 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപയും പത്ത് ഗ്രാമിന് 2600 രൂപയുമാണ് നല്‍കേണ്ടത്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാടുകയാണ്. ഇന്നലെ രാവിലെ 600 രൂപ പവന് കൂടിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 480 രൂപ കുറഞ്ഞു. ഇന്ന് രാവിലെ 360 രൂപ ഉയര്‍ന്നു. പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങിയാല്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കും. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്യും. ക്രൂഡ് വില കുറയുന്നത് എല്ലാ രാജ്യങ്ങളും സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. 93.09 എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം എത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് ശേഷമാണ് രൂപയുടെ മൂല്യം 93 കടന്ന് താഴേക്ക് പോകുന്നത്. അതേസമയം ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണുള്ളത്. നേരിയ തോതില്‍ ഇടിയുകയാണ് ഡോളര്‍ സൂചിക. ക്രൂഡ് ഓയില്‍ ബാരല്‍ വില 95 ഡോളര്‍ എന്ന നിരക്കിലാണ്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം രൂപ കിട്ടിയേക്കും. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 112800 രൂപയാണ്. ഏറ്റവും കുറഞ്ഞത് 109240 രൂപയും. ആഭരണം വാങ്ങുന്നവര്‍ക്ക് താഴ്ന്ന കാരറ്റില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടും.












Click it and Unblock the Notifications