പഴയ സ്വര്‍ണം വിറ്റാല്‍ ഇന്ന് എത്ര രൂപ കിട്ടും? ഇന്നത്തെ പവന്‍ വില അറിയാം, ട്രെന്‍ഡില്‍ മാറ്റം
കൊച്ചി: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89,480 രൂപ. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഇതേ സ്വര്‍ണം ഗ്രാമിന് 11,185 രൂപയാണ്. സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപിച്ച് പണം കൊയ്യാന്‍ കൊതിക്കുന്നവരുമുണ്ട്. വലിയ തോതില്‍ വില ഉയര്‍ന്നിരുന്ന ട്രെന്‍ഡ് ഇപ്പോള്‍ മാറി. വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുകയാണിപ്പോള്‍.
ആഭരണം വാങ്ങുന്നത് ഒരുതരത്തില്‍ മണ്ടത്തരമാണ് എന്ന് പറയുന്നു സാമ്പത്തിക വിദഗ്ധര്‍. കാരണം വാങ്ങുന്ന വില വില്‍ക്കുമ്പോള്‍ കിട്ടില്ല എന്നതുതന്നെ. ഒരു പവന് ഏകദേശം 10000 രൂപയോളം നഷ്ടം നേരിടും. എന്തിന് ഇത്രയും തുക വെറുതെ കളയണം എന്നാണ് അവരുടെ ഉപദേശം. അതേസമയം, ആഭരണണത്തോട് ഭ്രമമുള്ളവര്‍ക്ക് മറ്റുവഴികളില്ല.

ആഭരണം വാങ്ങിയേ തീരൂ എന്നുള്ളവര്‍ക്ക് കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തെ ആശ്രയിക്കാം. ഈ ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ അംശം കുറയും. അതോടൊപ്പം വിലയും കുറയും. അത്തരം സ്വര്‍ണത്തിന്റെ വില കൂടി അറിയാം. വില്‍ക്കുന്ന വേളയിലും ഇതേ മൂല്യവ്യത്യാസമുണ്ടാകും. വാങ്ങിയ സ്വര്‍ണം ഏതാണെന്ന് ഹാള്‍മാര്‍ക്കിങ് നോക്കിയാല്‍ മനസിലാകും.
കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന്റെ വില
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9195 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73560 രൂപയാകും. 14 കാരറ്റ് ഗ്രാമിന് 7160 രൂപയാണ്. ഒരു പവന് 57280 രൂപയാകും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4620 രൂപയാണ്. ഒരു പവന് 36960 രൂപയും. ഇതെല്ലാം സ്വര്‍ണത്തിന്റെ വില മത്രമാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി കൊടുക്കേണ്ടി വരും. ഏകദേശം 6000-7000 രൂപ അധികം പ്രതീക്ഷിക്കാം.
24 കാരറ്റ് സ്വര്‍ണത്തില്‍ മറ്റു ലോഹങ്ങളുടെ അംശം ഉണ്ടാകില്ല. ആഭരണം നിര്‍മിക്കുന്നതിന് ഈ സ്വര്‍ണം ഉപയോഗിക്കില്ല. അതേസമയം, സ്വര്‍ണാഭരണങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കുന്ന 22 കാരറ്റില്‍ 91.6 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമായിരിക്കും. 18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനവും 9 കാരറ്റില്‍ 37.5 ശതമാനവുമാണ് സ്വര്‍ണം.
പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും
കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് ജ്വല്ലറി ഉടമകളുടെ സംഘടനയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് വില തീരുമാനിക്കുക. നേരത്തെ ഓരോ ദിവസവും രാവിലെയാണ് വില പുതുക്കി നിശ്ചയിക്കാറുള്ളത്. എന്നാല്‍ സമീപകാലത്ത് ഒരു ദിവസം രണ്ടുതവണ വിലയില്‍ മാറ്റം വരുന്നുണ്ട്.
ഇന്ന് ഒരു പവന്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യയാണ് ജ്വല്ലറികള്‍ നല്‍കുന്നത്. തങ്കത്തിന്റെ വില നോക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില കണക്കാക്കുക. മിക്ക ജ്വല്ലറികളും പഴയ സ്വര്‍ണം സ്വീകരിക്കാന്‍ മടിക്കുകയാണ്. പണം നല്‍കുന്നതിന് ഒരാഴ്ച കഴിഞ്ഞുള്ള അവധി പറയുകയും ചെയ്യുന്നു. അതേസമയം, സ്വര്‍ണവില്‍പ്പനയ്ക്ക് കുറവില്ല. ആഭരണം എന്നതിനേക്കാള്‍ ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയായിട്ടാണ് ഇടപാടുകള്‍.












Click it and Unblock the Notifications