സ്വര്‍ണവില 71000 പിന്നിട്ടു; വില കുറയാന്‍ സാധ്യതയില്ല, മറ്റു വഴികള്‍ കണ്ടെത്തി ഉപഭോക്താക്കള്‍
കൊച്ചി: സ്വര്‍ണവില എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കുതിക്കുകയാണ്. ഓരോ ദിവസവും 700, 800 രൂപയാണ് വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 5000 രൂപയിലധികം വര്‍ധിച്ചു. സമീപ ദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 24 കാരറ്റ് സ്വര്‍ണം കിലോയ്ക്ക് ആദ്യമായി ഒരു കോടി രൂപയായി വര്‍ധിച്ചു.
വില കുറയാന്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ച് ജ്വല്ലറികളില്‍ നിരവധി ഉപഭോക്താക്കള്‍ വിളിക്കുന്നുണ്ടത്രെ. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ വ്യാപാരം നടക്കുന്ന ലോഹമായതിനാല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല. ലോകത്തെ ഓരോ മാറ്റവും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുമെന്നതാണ് കാരണം. നിക്ഷേപ സൗഹൃദ അന്തരീക്ഷം നഷ്ടപ്പെട്ടതിനാല്‍ സ്വര്‍ണത്തിന് വലിയ തോതില്‍ ആവശ്യക്കാരുണ്ട്.

സ്വര്‍ണവില കൂടുമ്പോള്‍ വലിയ നേട്ടം കിട്ടുന്ന സമൂഹം ഇന്ത്യക്കാരാണ് എന്നാണ് വിലയിരുത്തല്‍. കാരണം, ഇന്ത്യന്‍ ജനതയുടെ കൈവശം വന്‍തോതില്‍ സ്വര്‍ണമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേന വാങ്ങി സൂക്ഷിക്കുന്ന സ്വര്‍ണത്തേക്കാള്‍ അധികം വരുമത്രെ ഇന്ത്യക്കാരുടെ കൈവശമുള്ള ആഭരണങ്ങള്‍. അതുകൊണ്ടുതന്നെ വില കൂടുന്നത് അവയുടെ മൂല്യം കൂട്ടും.
കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8920 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 71360 രൂപയും. 24 കാരറ്റ് സ്വര്‍ണം ഗ്രമിന് 10000 ആയി. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം വന്നേക്കും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 7350 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3350 വരെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയാണ്.
വൈകാതെ സ്വര്‍ണത്തിനുള്ള ആവശ്യം കുറയുമെന്ന പ്രതീക്ഷയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പങ്കുവയ്ക്കുന്നത്. അമേരിക്കയുടെ താരിഫ് നയത്തെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കും. അമേരിക്കയുടെ ഭരണഘടന പ്രകാരം ഫെഡറല്‍ റിസര്‍വ് ചെയര്‍മാനെ പുറത്താക്കന്‍ പ്രസിഡന്റ് ട്രംപിന് സാധിക്കില്ല.
കേരള സ്വര്‍ണ വിപണിയില്‍ ട്രെന്‍ഡ് മാറി
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയായിരുന്നു. ഇന്ന് രേഖപ്പെടുത്തിയ 71360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ് വില. ഇനിയും ഉയരുമെന്ന് കരുതുന്നതിനാല്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടും. കേരള വിപണിയില്‍ ആഭരണം വാങ്ങുന്ന ട്രെന്‍ഡ് മാറിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വിവാഹം പോലുള്ള ആവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങുകയാണ് ചെയ്യുന്നത്. വധുവിന് 20 പവന്‍ വരെ ആഭരണം വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 10 പവനും അതിന് താഴെയുമായി കുറച്ചിരിക്കുകയാണ്. 18 കാരറ്റ് സ്വര്‍ണാഭരണത്തിലേക്ക് മിക്കവരും തിരിഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 58800 രൂപയായി. ആഭരണം വാങ്ങുമ്പോള്‍ 63000 കടന്നേക്കും.
ഡോളര്‍ മൂല്യം കുറഞ്ഞതിനാല്‍ മറ്റു കറന്‍സികളുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. അവ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അവരുടെ കേന്ദ്ര ബാങ്ക് മുഖേന സ്വര്‍ണം വാങ്ങുകയാണ്. ആഭരണ വിപണി തളരുന്നുണ്ടെങ്കിലും കരുതല്‍ നിക്ഷേപം എന്ന നിലയിലുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കുകയാണ്. ഡോളര്‍ വിട്ട് സ്വര്‍ണം ശേഖരിക്കുന്ന അവസ്ഥയിലേക്ക് എല്ലാ രാജ്യങ്ങളും കടന്നിട്ടുണ്ട്.
ഡോളര്‍ സൂചിക 99.59 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.54 ആയി ഉയര്‍ന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 84000 ഡോളറായി. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളര്‍ പിന്നിട്ടു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 63 ഡോളറും മര്‍ബണ്‍ ക്രൂഡ് ബാരലിന് 68 ഡോളറുമായി ഉയര്‍ന്നു. താരിഫ് യുദ്ധത്തില്‍ അയവ് വരുമെന്ന പ്രതീക്ഷയില്‍ ഇന്ന് രണ്ട് ശതമാനം ക്രൂഡ് വില ഉയര്‍ന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.












Click it and Unblock the Notifications