സ്വര്‍ണം തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങുന്നത് നഷ്ടം; കേരളത്തില്‍ വില കുറവ്, രാവിലെ താഴ്ന്നു, ഉച്ചയ്ക്ക് കൂടി
കൊച്ചി: സ്വര്‍ണവില സര്‍വറെക്കോര്‍ഡുകളും ഭേദിച്ച് കുതിക്കുകയാണ്. രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു എങ്കിലും ഉച്ചയ്ക്ക് ശേഷം വലിയ മുന്നേറ്റം നടത്തി. ഇതോടെ കേരളത്തിലെ സ്വര്‍ണവില ഗ്രാമിന് 10000ത്തിന് തൊട്ടടുത്തെത്തി. അതേസമയം, രാജ്യാന്തര സ്വര്‍ണവിപണിയിലെ വില ഔണ്‍സിന് 3600 രൂപ കടന്ന് കുതിച്ചു.
എന്താണ് തുടര്‍ച്ചയായി വില വര്‍ധിക്കാന്‍ കാരണം എന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. ഒന്നിലധികം കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ തൊട്ടടുത്ത സ്ഥലങ്ങളില്‍ രണ്ടുതരം വില രേഖപ്പെടുത്തുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തും. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വ്യത്യസ്ത വില. കേരളത്തില്‍ സ്വര്‍ണവില കുറവാണ് എന്ന് വ്യാപാരികള്‍ പറഞ്ഞു.

കേരളത്തില്‍ ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയാണ് രേഖപ്പെടുത്തിയത്. പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 79480 രൂപയുമായി. ഈ വേളയില്‍ രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3584 ഡോളറായിരുന്നു. രൂപയുടെ വിനിമയ നിരക്ക് 88.21 എന്ന തോതിലുമായിരുന്നു. എന്നാല്‍ ഉച്ചയോടെ വിപണിയില്‍ വലിയ മാറ്റം സംഭവിച്ചു.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 3612 ഡോളറായി ഉയര്‍ന്നു. ഇതോടെ കേരളത്തില്‍ 50 രൂപ വര്‍ധിച്ച് ഗ്രാമിന് 9985 രൂപയും 400 രൂപ വര്‍ധിച്ച് പവന് 79880 രൂപയുമായി. അതായത്, ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ചാല്‍ 10000 രൂപയിലെത്തും. 120 രൂപ വര്‍ധിച്ചാല്‍ പവന് 80000 രൂപയുമാകും. നിലവിലെ വിപണി ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെ ഈ വില മറികടക്കും.
തമിഴ്‌നാട്ടില്‍ സ്വര്‍ണവില കൂടുതല്‍
അതേസമയം, തമിഴ്‌നാട്ടില്‍ കേരളത്തിലേക്കാള്‍ സ്വര്‍ണവില കൂടുതലാണ് എന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ ഒരു ഗ്രാമിന് 9970 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം 10060 രൂപയായി. പവന്‍ സ്വര്‍ണത്തിന് 80480 രൂപയിലുമെത്തി. അതായത്, ഗ്രാം വിലയില്‍ കേരളത്തേക്കാള്‍ 75 രൂപ തമിഴ്‌നാട്ടില്‍ കൂടുതലാണ്. പവന്‍ വിലയില്‍ 600 രൂപയുടെ കുറവ് കേരളത്തിലാണ്.
സ്വര്‍ണ വ്യാപാരികള്‍ എങ്ങനെയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് എന്ന് അറിയാമോ? രാജ്യാന്തര വിപണി വിലയിലെ മാറ്റമാണ് പ്രധാനമായും പരിഗണിക്കുക. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്കിലെ വ്യത്യാസം പരിശോധിക്കും. മുംബൈയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവിപണിയിലെ വിലയും ഒത്തുനോക്കും. ഈ മൂന്ന് കാര്യങ്ങള്‍ വിലയിരുത്തിയാണ് ഓരോ ദിവസവും വില നിശ്ചയിക്കുന്നത്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലുള്ളവര്‍ക്ക് സ്വര്‍ണം അല്‍പ്പം ലാഭത്തില്‍ കിട്ടണം എങ്കില്‍ കേരളത്തില്‍ വന്നു വാങ്ങിയാല്‍ മതിയാകും. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മാറ്റമാണ് സ്വര്‍ണവിലയില്‍ അടിക്കടി മാറ്റം വരാന്‍ കാരണം. അമേരിക്കയില്‍ തൊഴില്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യ ഭീതിയുമുണ്ട്. അതുകൊണ്ടുതന്നെ ഈ മാസം പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. പലിശ കുറച്ചാല്‍ സ്വര്‍ണവില ഇനിയും കൂടും.












Click it and Unblock the Notifications