സ്വര്‍ണവില കുതിച്ചുകയറി; ഇനി നോക്കിയിട്ട് കാര്യമില്ല... ഇന്നത്തെ വില നിലവാരം ഇങ്ങനെ
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ വില കുറയട്ടെ എന്ന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇനി പഴയ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തില്ല എന്നാണ് വിപണി അവലോകനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നേരിയ ചാഞ്ചാട്ടം വിലയില്‍ പ്രകടമാകുമെങ്കിലും വിലയില്‍ വന്‍ ഇടിവ് വരില്ല. രണ്ടു ദിവസം വില കുറഞ്ഞാല്‍ മൂന്നാം ദിനം വില കൂടുകയാണ്.
ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത. അക്ഷയ തൃതീയ ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങള്‍ വരുന്നതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കും. അതുകൊണ്ടുതന്നെ വില ഇടിവിന് സാധ്യതയില്ല. ഇതിന്റെ ലക്ഷണമാണ് ഇന്നത്തെ വില വര്‍ധനവ് എന്ന് കരുതുന്നു. കേരളത്തില്‍ ഇന്ന് സ്വര്‍ണ വില ഉയരുകയാണ് ചെയ്തത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 44840 രൂപയാണ്. അതായത് 45000ത്തിലേക്ക് 160 രൂപ മാത്രം കുറവ്. നേരത്തെ സ്വര്‍ണവില 45320 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഇടിഞ്ഞു വരുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. പവന് 160 രൂപ കൂടി. ഗ്രാമിന് 5605 രൂപയുമായി. ചാഞ്ചാട്ടം തുടരുമെങ്കിലും ഇനി വലിയ വിലയിടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വര്‍ണം വില അതിവേഗം കയറാന്‍ തുടങ്ങിയത്. മാര്‍ച്ചിലും വില കൂടി. ഏപ്രില്‍ ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഏപ്രില്‍ ഒന്നിന് 44000 രൂപയായിരുന്നു പവന്‍ വില. ഏപ്രില്‍ 14ന് 45320 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീട് കുറഞ്ഞുവന്ന് 44680 രൂപ വരെയായി. ശേഷം വില ഉയരുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 43760 രൂപയാണ്.
വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത. അക്ഷയ തൃതീയ ദിനത്തില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങുന്ന പതിവുണ്ട്. ഹിന്ദു, ജൈന മതങ്ങളില്‍ ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാന്‍ ഈ ദിനം കാരണമാകുമെന്നാണ് വിശ്വാസം. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില ഉയരാനാണ് സാധ്യത.
റമദാന്‍ വ്രതം അവസാനിക്കുകയാണ്. കല്യാണങ്ങളും ആഘോഷവും ഇനിയും കൂടിയേക്കും. ഈ വേളയിലും സ്വര്‍ണത്തിന് ആവശ്യം ഏറി വരും. ഇന്ത്യയിലെ സാമൂഹിക സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നത് ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ്. ഇതിന് പുറമെ നിക്ഷേപം എന്ന നിലയില്‍ വാങ്ങുന്നവരും നിരവധിയാണ്. ഇതിനെല്ലം പുറമെയാണ് ആഗോള വിപണിയിലെ മാറ്റങ്ങള്‍. വിപണിയിലെ മാറ്റം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും.
അതേസമയം, വില ഉയരുന്ന സാഹചര്യത്തില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ലെങ്കിലും കാരറ്റ് കുറയുമ്പോള്‍ വിലയില്‍ വലിയ മാറ്റമുണ്ട്. സാധാരണ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിനോടായിരുന്നു പ്രിയം. വില കൂടിയ സാഹചര്യത്തിലാണ് പലരും 18 കാരറ്റിലേക്ക് മാറുന്നത്.
സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവില, പണിക്കൂലി, ഇവ രണ്ടുേ ചേര്‍ത്ത സംഖ്യയുടെ 3 ശതമാനം നികുതി, ഹാള്‍മാര്‍ക്കിങ് റേറ്റ് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കണം. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ 4000 രൂപയെങ്കിലും അധികം കാണണം എന്ന് ചുരുക്കം. ആസ്തിയായി സ്വര്‍ണത്തെ കാണുന്നവര്‍ ഗോള്‍ഡ് കോയിനുകള്‍ വാങ്ങി സൂക്ഷിക്കുകയാണ് ചെയ്യുക.












Click it and Unblock the Notifications