സ്വര്‍ണവില ഉയര്‍ന്നു; വെള്ളി വിലയും കൂടി, രൂപ മൂക്കു കുത്തി, ഇന്നത്തെ പവന്‍-ഗ്രാം വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വില താഴ്ന്നിരുന്നു എങ്കിലും ഇന്നലെയും ഇന്നും വില ഉയരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4200 ഡോളറില്‍ താഴെയാണ് പുതിയ നിരക്ക്. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരാന്‍ സാധ്യതയുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ആക്രമണം ഉണ്ടായതും എണ്ണ കയറ്റുമതി വീണ്ടും നിശ്ചലമാകുമോ എന്ന ആശങ്കയും ഉടലെടുത്തു.
ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഡോളര്‍ സൂചിക ഉയരും. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 104ലും ഡോളര്‍ സൂചിക 102ലുമാണുള്ളത്. അതേസമയം, രൂപയുടെ മൂല്യം വളരെ താഴോട്ട് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഡോളറിനെതിരെ ഇന്നത്തെ രൂപയുടെ മൂല്യം 96.78 ആയിട്ടുണ്ട്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഗുണം ചെയ്യുമെങ്കിലും അവശ്യവസ്തുക്കളുടെ വില ഉയരും. രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് വീണ്ടും 1.11 ലക്ഷം കടന്നു. ഇന്നത്തെ വില 111040 രൂപയാണ്. 520 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ഗ്രാമിന് 65 രൂപ വര്‍ധിച്ച് 13880 രൂപയായി. വെള്ളിയുടെ ഗ്രാം വില 240ലേക്ക് ഉയര്‍ന്നു. പത്ത് ഗ്രാമിന് 2400 രൂപ നല്‍കണം. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ക്കും വില കൂടുകയാണ്. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11400 രൂപയാണ് വില. പവന് 91200 രൂപയും. 14 കാരറ്റ് ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് നല്‍കേണ്ടത്. ഈ സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. സ്വര്‍ണത്തിന് വില കുറയുമെങ്കിലും ഇവയുടെ പണിക്കൂലി അല്‍പ്പം കൂടും.
സ്വര്‍ണ വ്യാപാരികള്‍ സമരത്തിലേക്ക്
യുപിഐ ഇടപാടുകൾക്ക് അധിക നിരക്കുകൾ ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കേണ്ട കാലത്ത് യുപിഐ ഇടപാടുകൾക്ക് അധിക സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. ചെറുകിട വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്ന ഇത്തരം നടപടികൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
KGSMA സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ (AKGSMA), എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ. നിഷാദ് (കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ), ഷാജു ചിറയത്ത് (KGSDA), സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പ്രസംഗിച്ചു. യുപിഐ നിരക്കുകൾ പിൻവലിക്കണമെന്ന വ്യാപാരമേഖലയുടെ ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനും ഒക്ടോബർ 13-ലെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.


Click it and Unblock the Notifications
