ഇതെന്ത് പോക്കാണ് പൊന്നേ..? ഒറ്റയടിക്ക് കൂടിയത് 1500 രൂപയോളം, പവന്‍വില 70000 ത്തിലേക്ക്, റെക്കോഡ്
കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോഡ് വില. ഇന്നലെ രണ്ടായിരത്തിലേറെ രൂപയുടെ വര്‍ധനവ് കാണിച്ച സ്വര്‍ണത്തിന് ഇന്ന് 1500 ഓളം രൂപയാണ് വര്‍ധിച്ചത്. രണ്ട് ദിവസം കൊണ്ട് 3000 രൂപയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയില്‍ ഒരു മാസത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ് ഇത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഈ വില വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും എന്ന് ഉറപ്പാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ ആഗോള വിപണിയെ പിടിച്ചുകുലുക്കിയതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. 90 ദിവസത്തേക്ക് താരിഫ് ഏര്‍പ്പെടുത്തല്‍ ട്രംപ് മരവിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്ക് ഈ ഇളവില്ല. മാത്രമല്ല 104 ശതമാനം താരിഫ് എന്നത് ചൈനയ്ക്ക് 125 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇതോടെ ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മില്‍ നേരിട്ട് വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നു എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. ഇത് ആഗോള സാമ്പത്തിക രംഗത്തെ പിരിമുറുക്കത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ എത്രയാണ് എന്ന് പരിശോധിക്കാം.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 185 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ എന്ന 8560 രൂപ നിരക്കില്‍ വിറ്റിരുന്ന സ്വര്‍ണം ഇന്ന് 8745 രൂപയ്ക്കാണ് വില്‍ക്കുന്നത്. പവന്‍ വിലയില്‍ 1480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 68480 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 69960 രൂപയിലേക്ക് എത്തി. 70000 രൂപയില്‍ നിന്ന് വെറും 40 രൂപ മാത്രം കുറവിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്.
ഗ്രാമിലും പവനിലും രേഖപ്പെടുത്തിയ റെക്കോഡ് നിരക്കാണ് ഇത്. രണ്ട് ദിവസം കൊണ്ട് 3640 രൂപയാണ് സ്വര്‍ണത്തിന് പവന്‍ വിലയില്‍ വര്‍ധിച്ചിരിക്കുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ് ഇത്. ആഭരണമായാണ് സ്വര്‍ണം ഇക്കാലയളവില്‍ വാങ്ങിക്കുക. ആഭരണത്തിന് ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടതുണ്ട്.
മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി എസ് ടി. ഹാള്‍മാര്‍ക്കിംഗ് നിരക്കായി 53.10 രൂപയാണ് ഈടാക്കുന്നത്. പണിക്കൂലി വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത തരത്തിലാണ് ഏര്‍പ്പെടുത്തുന്നത്. രണ്ട് ശതമാനം തൊട്ട് 30 ശതമാനം വരെ പണിക്കൂലി വിവിധ ജ്വല്ലറികള്‍ ഈടാക്കാറുണ്ട്. ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ചാണ് പണിക്കൂലി വര്‍ധിക്കുന്നത്. വലിയ ഡിസൈനുള്ള ആഭരണത്തിന് ഉയര്‍ന്ന പണിക്കൂലി വേണ്ടി വരും എന്ന് സാരം.
അഞ്ച് ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് 75000 രൂപയെങ്കിലും കൊടുക്കേണ്ടി വരും, അതായത് മുക്കാല്‍ ലക്ഷം രൂപ! ഇത് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് നെഞ്ചില്‍ തീ കോരിയിടുന്ന വിലയാണ് എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications